Connect with us

NATIONAL

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. സഭ നിർത്തി വെച്ചു

Published

on

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ബഹളം വെച്ചു.  ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ മന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

വനിതകള്‍, ദളിതര്‍, പിന്നോക്ക വിഭാഗക്കാര്‍ തുടങ്ങിയവര്‍ മന്ത്രിമാരായി മാറിയതില്‍ പാര്‍ലമെന്റില്‍ ആവേശം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ ചിലര്‍ക്ക് ഇത് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക, ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കെല്ലാം മന്ത്രിസഭയില്‍ ഇടം നല്‍കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെ വിമര്‍ശിച്ച്, മാന്യതയ്ക്ക് ചേരുന്നതല്ല ഇതെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ഫോണ്‍ ചോര്‍ത്തലിന് പുറമെ, ഇന്ധന വില വര്‍ധന, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ ലോക്‌സഭ രണ്ടുമണി വരെ നിര്‍ത്തിവെച്ചു.

മലപ്പുറം എംപി അബ്ദു സമദ് സമദാനി, വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മാഡില ഗുരുമൂര്‍ത്തി, ബിജെപിയുടെ മംഗല്‍ സുരേഷ് അങ്ങാടി, കോണ്‍ഗ്രസിലെ വിജയ് വസന്ത് എന്നിവര്‍ പാര്‍ലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എംപിയായി എ പി അബ്ദുള്‍ വഹാബും സത്യപ്രതിജ്ഞ ചെയ്തു.

Continue Reading