Connect with us

Business

മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിൽ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കോടതി

Published

on


കൊച്ചി:മദ്യം വാങ്ങാൻ വരുന്നവർക്ക് കോവിഡ് വന്നോട്ടെയെന്ന സ്ഥിതി പാടില്ലെന്നും മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും കോടതി വിമർശിച്ചു.

സംസ്ഥാനത്ത് അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന 96 ബിവറേജസ് ഔട്ട്ലെറ്റുകൾ മൂന്ന് മാസത്തിനകം മാറ്റി സ്ഥാപിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സർക്കാരിന് മദ്യം വിൽക്കണമെങ്കിൽ മദ്യശാലകളിൽ അതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണം. ചെറിയ കടകളിൽ പോലും കർശന കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കൂടുതൽ ആളുകൾ കൂടുന്ന മദ്യശാലകളിൽ തിക്കുംതിരക്കുമുണ്ടാകുന്ന സ്ഥിതി തുടരാനാകില്ല. മാന്യമായി മദ്യം വാങ്ങാനും മദ്യം വിൽക്കാനുമുള്ള സൗകര്യം വേണമെന്നും കോടതി നിർദേശിച്ചു.

സംസ്ഥാനത്ത് 96 ഔട്ട്ലെറ്റുകൾ മോശം സാഹചര്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് സർക്കാർ തന്നെയാണ് കോടതിയെ ബോധിപ്പിച്ചത്. ഇവ മാറ്റി സ്ഥാപിക്കാൻ രണ്ട് മാസത്തെ സമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. മദ്യശാലകൾക്ക് മാത്രമായി പ്രത്യേക മാനദണ്ഡമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കോടതി രൂക്ഷഭാഷയിൽ സർക്കാരിനെ വിമർശിച്ചത്.

മദ്യം വാങ്ങാൻ വരുന്നവർക്കും  മാന്യതയുണ്ട്. അത് കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും കോടതി ഓർമപ്പെടുത്തി. കന്നുകാലി തൊഴുത്തിലേക്ക് പോകുന്ന അവസ്ഥയാണ് ബിവറേജസ് ഔട്ട്ലെറ്റുകളിലുള്ളതെന്ന് കഴിഞ്ഞ ദിവസം കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കോടതി സർക്കാറിനെ വിമർശിച്ചത്.

Continue Reading