Crime
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളെ സഹായിച്ച സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളെ സഹായിച്ച സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ . സർക്കാർ നിയോഗിച്ച പത്തംഗ സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്നലെ രാത്രി ലഭിച്ചുവെന്നും ഇന്ന് തന്നെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം പ്രതിയായ സുനിൽകുമാർ ആയിരുന്നു മുഖ്യ സൂത്രധാരനെന്നും ഇദ്ദേഹം സെക്രട്ടറിയായിരുന്ന ഇരുപത്തിയൊന്നു വർഷവും തട്ടിപ്പ് നടത്തിയെന്നും ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു പ്രതിയായ കിരണിന് ബാങ്ക് അംഗത്വം ഇല്ലാതിരുന്നിട്ടും സുനിൽകുമാർ 23 കോടി രൂപയാണ് വായ്പയായി നൽകിയത്. ഭരണസമിതിയുടെ അറിവും പ്രസിഡന്റിന്റെ ഒപ്പും ഇല്ലാതെ ഇഷ്ടക്കാർക്ക് അംഗത്വം നൽകിയെന്നും ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ വഴി നൽകിയത് 50 ലക്ഷം രൂപയുടെ 28 വായ്പകളാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നാലാം പ്രതി കിരണിന്റെ പേരിൽ 46 വായ്പകളുണ്ടെന്നും ഇയാളുടെ മാത്രം ബാദ്ധ്യത 33.29 കോടി രൂപയോളം വരുമെന്നും ചൂണ്ടിക്കാട്ടുന്നു.