Connect with us

Crime

നാലുമാസം ഗര്‍ഭിണിയായ പതിനാലുകാരിയെ പീഡിപ്പിത് അമ്മയുടെ കാമുകനെന്ന് കണ്ടെത്തി

Published

on


കോട്ടയം : വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരി നാലുമാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. നാലുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ കാമുകനാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയായിരുന്ന പോലീസ് ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മുണ്ടക്കയം ഏന്തയാര്‍ മണല്‍പാറയില്‍ അരുണാണ് പോലീസ് പിടിയിലായത്. ഗര്‍ഭസ്ഥ ശിശുവിന്റേതടക്കം ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ച പോലീസിന് തുടക്കത്തില്‍തന്നെ അമ്മയുടെ കാമുകനെകുറിച്ച് വിവരം ലഭിച്ചു. ഇതോടെ, ഇയാളെ പോലീസ് നിരീക്ഷണത്തിലാക്കി പിന്തുടര്‍ന്നുവരുകയായിരുന്നു.

വയറുവേദനയെ തുടര്‍ന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സ നല്‍കിയപ്പോള്‍ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിള്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായത്.

ഈ പരിശോധനാഫലം കൂടി വെച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കുറച്ചുനാളായി പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു ഇയാള്‍. ഏറെക്കാലമായി പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.

സംഭവം നടന്ന ദിവസം തന്നെ പെണ്‍കുട്ടി നല്‍കിയ മൊഴി പൊലീസ് വിശ്വസിച്ചിരുന്നില്ല. മണര്‍കാട് വഴിയോര കച്ചവടം നടത്തിയപ്പോള്‍ കാറിലെത്തിയ ആള്‍ സാധനം വാങ്ങാം എന്ന് പറഞ്ഞു വണ്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. മയക്കുമരുന്ന് നല്‍കിയതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ ആകില്ലെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

സംഭവം പുറത്തുവന്നതിനു പിന്നാലെ ഇയാള്‍ സ്വദേശമായ മുണ്ടക്കയത്തേക്ക് പോയിരുന്നു. തുടക്കം മുതല്‍ ഇയാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ മറ്റൊന്നും അറിയില്ല എന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാവ് പൊലീസിന് നല്‍കിയ മൊഴി.

പെണ്‍കുട്ടി പറഞ്ഞത് മാത്രമാണ് തനിക്കും അറിയാവുന്നത് എന്നായിരുന്നു മാതാവിന്റെ മൊഴി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ കുറച്ചു ദിവസമായി പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നു. ഇതും നിര്‍ണായകമായി.

വീട്ടുകാരെ പേടിച്ചിട്ടാകാം കുട്ടി കള്ളക്കഥ പറഞ്ഞതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പാമ്പാടി, മണര്‍കാട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് അന്വേഷണം നേരിട്ട് നടത്തിയത്. പോക്‌സോ കേസ് ആയതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ല എന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാവിന് സംഭവത്തെക്കുറിച്ച് വിവരം ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading