NATIONAL
തൃണമൂല്‍ ബന്ധത്തില്‍ സി.പി.എം നയത്തിൽ മാറ്റം

ന്യൂഡൽഹി: ബിജെപിക്ക് എതിരെ മമത ബാനർജിയുമായി സി.പി.എം. സഹകരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി സഹകരിക്കും. എന്നാൽ പശ്ചിമ ബംഗാൾ ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ തൃണമൂലുമായി സഹകരണം ഉണ്ടാകില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു. കൊൽക്കത്തയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
കേരളത്തിൽ നേർക്കു നേർ പോരാടുന്ന പാർട്ടിയാണ് സി.പി.എമ്മും കോൺഗ്രസും. ഇത്തരത്തിൽ ശക്തമായ എതിർപ്പ് നിലനിൽക്കുമ്പോൾ തന്നെ ദേശീയ തലത്തിൽ കോൺഗ്രസുമായി പാർട്ടി സഹകരിക്കുന്നുണ്ട്. ഇതേ നയം തന്നെ ആയിരിക്കും തൃണമൂൽ കോൺഗ്രസിനോടും സി.പി.എം സ്വീകരിക്കുകയെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. അതേസമയം തൃണമൂൽ കോൺഗ്രസുമായി ദേശീയ തലത്തിൽ മുമ്പും പാർട്ടി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.