Connect with us

HEALTH

കേരളത്തിൽ വീണ്ടും നിപ .കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ സ്ഥിരീകരിച്ചു

Published

on

.കോഴിക്കോട്: ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് യോഗം ചേർന്നു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോർട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പോലീസ് അടച്ചിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കുന്ന ആർക്കും രോഗലക്ഷണങ്ങൾ ഇതുവരെ ഇല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സമ്പർക്ക പട്ടിക ഇന്നലെ രാത്രി മുതൽ തന്നെ തയ്യാറാക്കിവരികയാണെന്നും മന്ത്രി അറിയിച്ചു. മാവൂർ മുന്നൂർ സ്വദേശിയായ 12 വയസുകാരനാണ് ഇന്ന് പുലർച്ചയോടെ നിപ ബാധിച്ച് മരിച്ചത്.
തുടക്കം സാധാരണ പനിയായിരുന്നു. പനിബാധിച്ച കുട്ടിയെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഭേദമാകാതിരുന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ കുറച്ച് സമയം തുടർന്നു. ഇവിടെ നിന്നാണ് ഒന്നാം തിയതിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ 104 ഡി​ഗ്രി പനിയുണ്ടായിരുന്നു . മസ്തിഷ്കജ്വരവും ഛർദ്ദിയും ഉണ്ടായിരുന്നു.

അബോധാവസ്ഥയിലായിരുന്ന കുട്ടി ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടയിൽ ഡോക്ടർമാക്ക് സംശയം തോന്നിയാണ് സാമ്പിളുകൾ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി തന്നെ ഫലം ലഭ്യമായിരുന്നെങ്കിലും ആരോഗ്യ വകുപ്പ് ഇന്നാണ് സ്ഥീരികരിച്ചത്.

കോഴിക്കോട്ടെ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും ആരോഗ്യ വിദഗ്ദ്ധരും ചേർന്ന് ഇന്നലെ തന്നെ ചർച്ച നടത്തിയിരുന്നു. ഇതിനെ നേരിടാൻ ഒരു കർമ പദ്ധതി തയ്യാറായിക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Continue Reading