KERALA
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രന്‍

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി തയാറല്ല. പാലാ രുപതാധ്യക്ഷന്‍ പറഞ്ഞത് പ്രസക്തമായ വിഷയമാണ്. നാര്‍ക്കോട്ടിക് ജിഹാദ് ലോകം മുഴുവനുമുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
ഈരാറ്റുപേട്ടയില്‍ നിന്നും ഗുണ്ടകള്‍ എത്തി പാലായില്‍ ഭീഷണി മുഴക്കിയാല്‍ ബിജെപി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം സമാധാനപ്രിയരായ ആള്‍ക്കാരാണ്. ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വിചാരണം ഇനിയാര്‍ക്കും വേണ്ടെന്നും പാലാ ബിഷപ്പിനെ കാണാന്‍ സമയം ചോദിച്ചിരുന്നില്ലെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത തകര്‍ക്കുന്ന ചര്‍ച്ചകള്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അവസരം കാത്തിരിക്കുന്നവര്‍ക്കാണ് ഈ ചര്‍ച്ചകള്‍ ഗുണം ചെയ്യുക. വീണ്ടും ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നത് കേരളത്തിന് ഗുണകരമാകില്ല. വിവാദം അവസാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പ്രതികരിച്ചു.