KERALA
മതസൗഹാർദത്തിന് വേണ്ടി മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും തമ്മിലടിക്കുമ്പോൾ മുതലെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ

കോട്ടയം: മതസൗഹാർദത്തിന് എതിരായ നിലപാട് കോൺഗ്രസ് സ്വീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ചങ്ങനാശേരി അതിരൂപതയിലെത്തി ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാര്കോട്ടി്ക് ജിഹാദ് വിവാദത്തിൽ സമവായമുണ്ടാക്കാൻ ധാർമിക ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. ഇക്കാര്യങ്ങൾ മാര്‍ ജോസഫ് പെരുന്തോട്ടവുമായി സംസാരിച്ചു. മതസൗഹാർദത്തെ ഉലക്കുന്ന ഒരു നടപടിയും സഭയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
മതസൗഹാർദത്തിന് വേണ്ടിയുള്ള ഏത് പോരാട്ടത്തിന്റെ മുമ്പിലും എല്ലാ കാലവും നിന്നതു പോലെ ക്രൈസ്തവരും സഭയും നിൽക്കുമെന്നും ബിഷപ്പ് അറിയിച്ചു. അക്കാര്യത്തിലുള്ള എല്ലാ പിന്തുണയും കോൺഗ്രസ് ബിഷപ്പിനെ അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
സമവായ ചർച്ചയുടെ ഭാഗമായി മുസ്ലിം മത നേതാക്കളുമായും ചർച്ചകൾ നടത്തും. അതിനുള്ള സമയം വിവിധ നേതാക്കളോട് ചോദിച്ചിട്ടുണ്ട്. മതസൗഹാർദത്തിന് വേണ്ടി മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്നാൽ, തമ്മിലടിക്കുമ്പോൾ മുതലെടുക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമാണ് സുധാകരൻ ആര്‍ച്ച് ബിഷപിനെ സന്ദർശിച്ചത്. ഇന്നു ഉച്ചയ്ക്ക് രണ്ടിന് പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി താൻ കൂടിക്കാഴ്ച നടത്തുമെന്നും സുധാകരൻ പറഞ്ഞു.