Connect with us

KERALA

കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യാളുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

Published

on

നെന്മാറ: നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് പാലക്കാട് വീണ്ടും കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണം. മരിച്ചയാളുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. കാട്ടുപന്നിയുടെ ശല്യം തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മാറ ഡിഎഫ്ഒ ഓഫീസിന് മുന്നിലാണ് മൃതദേഹവുമായി പ്രതിഷേധിച്ചത്.

ഡിഎഫ്ഒ ഓഫീസിന് പുറത്ത് റോഡിൽ മൃതദേഹം കിടത്തി പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. വ്യാഴാഴ്ച ടാപ്പിങ്ങിനിടെയാണ് അയിലൂർ ഒലിപ്പാറ കണിക്കുന്നേൽ മാണി കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികൾ ഉണ്ടായില്ല എന്നാണ് ഇവരുടെ ആരോപണം. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിനുള്ള നിയമം നിലവിലുണ്ടായിട്ടും അതിനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.

രമ്യ ഹരിദാസ് എംപിയാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. ഇനി ഒരു രക്തസാക്ഷി കൂടി ഉണ്ടാവരുത് അതിനായി കാട്ടുപന്നികളുടെ ശല്യം തടയാൻ നടപടി വേണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. ഇടയ്ക്ക് റബ്ബർ തോട്ടങ്ങളിലും മറ്റും പുലിയുടെ സാന്നിധ്യവും ഉണ്ടാകാറുണ്ട്.

Continue Reading