Connect with us

NATIONAL

പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു.അന്ത്യോപചാരമർപ്പിക്കാൻ ദേശീയപതാകയുമായി നൂറുകണക്കിനാളുകൾ

Published

on

വാളയാർ: കുനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫീസറുമായ എ പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. അതിർത്തിയിൽ മൃതദേഹം മന്ത്രിമാരെത്തിയാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാർ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തി.

വിലാപയാത്ര റോഡ് മാർഗം തൃശ്ശൂരിലെത്തി. പ്രദീപ് പഠിച്ച പൊന്നൂക്കരയിലെ സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. കളക്ടറെത്തി അന്തിമോപചാരം അർപ്പിച്ചു.തൃശ്ശൂരിലേക്ക് പുറപ്പെട്ട വിലാപയാത്രയിൽ ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമർപ്പിക്കാൻ ദേശീയപതാകയുമായി നിരവധിപേർ കാത്തുനിൽക്കുന്ന കാഴ്ചയാണ് കണ്ടത്. രാജ്യസ്നേഹം വിളിച്ചോതുന്ന മുദ്രാവാക്യം മുഴക്കി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നിരവധിപേരാണ് മണിക്കൂറുകളോളം വിലാപയാത്ര വരുന്ന വഴിയിൽ കാത്തുനിന്നത്.

വീട്ടിലെത്തിച്ച മൃതദേഹത്തിൽ പൊതുജനങ്ങൾക്കും അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന് പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസ്സിലാക്കാനാകാത്തവിധം വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണൻ കഴിയുന്നത്. മകനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് അമ്മ കുമാരി.

Continue Reading