KERALA
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം . ഗവര്‍ണര്‍ പദവി ഉപയോഗിച്ച് മാധ്യമശ്രദ്ധ നേടുന്നതിനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റുന്നതിനുമുള്ള ശ്രമങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ കുറച്ച് നാളായി നടത്തുന്നതെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞു.
തന്റെ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ല. നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്റെ പാത ഇതിനകം പലതവണ അദ്ദേഹം സ്വീകരിക്കുകയുണ്ടായെന്നുംമുഖ പത്രം ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദസൃഷ്ടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കശ്മീരിലും ഗോവയിലും യു.പിയിലും തമിഴ്നാട്ടിലും കര്‍ണാടകയിലും മധ്യപ്രദേശിലും ബംഗാളിലും കേരളത്തിലും നിയോഗിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ പാവകളായി മാറുന്നത് പലപ്പോഴും കാണുന്നുണ്ടെന്നും പത്രം ആരോപിച്ചു.
ബി.ജെ.പിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനും സമീപനാളുകളില്‍ ചില ഉദാഹരണങ്ങളുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളാകാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ പല തവണ ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹാസ്യനാകേണ്ടിവന്ന മുന്‍കാല അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നില്ലെന്നും സി.പി.ഐ മുഖപത്രം ഓർമ്മപ്പെടുത്തുകയാണ്