Connect with us

NATIONAL

മുല്ലപ്പെരിയാർ : കേരളത്തിന് തിരിച്ചടി

Published

on

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാൻ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അണക്കെട്ടിലെ ജലം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആദ്യം മേൽനോട്ട സമിതിയെ സമീപിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു.

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാൻ ഇരുസംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി തള്ളി. വെള്ളം തുറന്നു വിടുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ മേൽനോട്ട സമിതിയുണ്ടെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കറും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി.

മേൽനോട്ട സമിതിക്ക് വീഴ്ചയുണ്ടെങ്കിൽ അത് കേരളത്തിന്റെ അംഗത്തിന്റെ കൂടി പരാജയമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തൂവെന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അഭിപ്രായപ്പെട്ടു. പരാതികൾ ലഭിച്ചാൽ അടിയന്തരമായി അതിൽ തീരുമാനമെടുക്കാൻ മേൽനോട്ടസമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആവശ്യങ്ങൾക്കായി നിരന്തരം അപേക്ഷകൾ ഫയൽ ചെയ്യുന്ന നടപടിയേയും സുപ്രീംകോടതി വിമർശിച്ചു. മുല്ലപെരിയാർ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാകാം. പക്ഷേ രാഷ്ട്രീയം കോടതിക്ക് പുറത്തു മതിയെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Continue Reading