Connect with us

NATIONAL

കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

Published

on

ന്യൂഡൽഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. അജയ് മിശ്ര ക്രിമിനല്‍ ആണെന്നും, രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ലഖിംപൂര്‍ സംഭവത്തില്‍ മന്ത്രിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കണമെന്നും, അദ്ദേഹത്തെ ശിക്ഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ലഖിംപൂര്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണ്. ആരുടെ മകനാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. മകന്‍ കേസിലുള്‍പ്പെട്ട സാഹചര്യത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണം. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം. എന്നാല്‍ പ്രധാനമന്ത്രി ഇത് നിരസിക്കുകയാണ്. ഭരണപക്ഷം ഒഴിവുകഴിവുകള്‍ പറഞ്ഞ് ചർച്ചയിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയാണ് അജയ് മിശ്രയെ സംരക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിനിടെ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചു. ഭരണ-പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയിലും പ്രതിപക്ഷം ലഖിംപൂര്‍ വിഷയം ഉന്നയിച്ചു. ബഹളം രൂക്ഷമായതോടെ രാജ്യസഭയും രണ്ടു മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്നലെയും കോണ്‍ഗ്രസ് ലഖിംപൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ബിജെപിക്കെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തിയിരുന്നു.

Continue Reading