HEALTH
ഡൽഹിയിൽ യെല്ലോ അലർട്ട് സ്കൂളുകളും കോളേജുകളും അടയ്ക്കും മാളുകളും കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ

ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സ്കൂളുകളും കോളേജുകളും അടയ്ക്കും. സിനിമാ തീയേറ്ററുകൾ, മൾട്ടിപ്ലെക്സുകൾ, ജിമ്മുകൾ എന്നിവ പ്രവർത്തിക്കില്ല. രാത്രി പത്തു മുതൽ രാവിലെ അഞ്ചുവരെ രാത്രി കർഫ്യൂവും ഏർപ്പെടുത്തും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നകാര്യം അറിയിച്ചത്.
യെല്ലോ അലർട്ട് ഭാഗമായി ഏർപ്പെടുത്തുന്ന പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്
സ്കൂളുകളും കോളേജുകളും അടയ്ക്കും
മാളുകളും കടകളും ഒന്നിടവിട്ട ദിവസങ്ങളിലേ തുറന്നുപ്രവർത്തിക്കുകയുള്ളൂ. രാവിലെ പത്തു മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവർത്തനസമയം.
അവശ്യസേവന വിഭാഗത്തിൽപ്പെട്ടവയല്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്കേ ഓഫീസിൽ വരാൻ അനുമതിയുള്ളൂ.
രജിസ്റ്റർ ഓഫീസിലായാലും വീട്ടിലായാലും വിവാഹത്തിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ.
സിനിമാ തീയേറ്ററുകൾ, മൾട്ടിപ്ലെക്സുകൾ, ജിമ്മുകൾ എന്നിവ പ്രവർത്തിക്കില്ല.
റെസ്റ്റോറന്റുകളും ബാറുകളും രാത്രി പത്തുമണിക്ക് അടയ്ക്കണം. അൻപതു ശതമാനം ആളുകൾക്കേ പ്രവേശന അനുമതി നൽകാവൂ.
നൈറ്റ് കർഫ്യൂ- രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ.
രാഷ്ട്രീയ- മത- ആഘോഷങ്ങളുമായി ബന്ധപ്പെട്ട കൂടിച്ചേരലുകൾ അനുവദിക്കില്ല.
കോവിഡ് കേസുകൾ ഉയരുന്നതിനെ നേരിടാൻ മുൻപത്തെക്കാൾ പത്തിരട്ടി കൂടുതൽ സജ്ജമാണ് ഡൽഹിയിയെന്നും കെജ്രിവാൾ പറഞ്ഞു. കോവിഡ് കേസുകൾ കുറവാണ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഓക്സിജൻ ഉപഭോഗം, വെന്റിലേറ്റർ ഉപയോഗം എന്നിവയിൽ വർധനയില്ല. കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കലും മാസ്ക് ഉപയോഗവും ഉറപ്പാക്കാൻ ഡൽഹിയിലെ ജനങ്ങളോട് കെജ്രിവാൾ അഭ്യർഥിച്ചു.