Connect with us

KERALA

മുൻ എം എൽ എ എ​സ് രാ​ജേ​ന്ദ്ര​നെ സി പി എമ്മിൽ നിന്ന് പുറത്താക്കാൻ ശുപാർശ

Published

on

മൂന്നാർ: ദേവികുളം മുൻ എം എൽ എ എ​സ് രാ​ജേ​ന്ദ്ര​നെ സി പി എമ്മിൽ നിന്ന് പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മറ്റി ശുപാർശ. രാജേന്ദ്രനെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ശുപാർശ ചെയ്തത്. അന്തിമ തീരുമാനം സംസ്ഥാനകമ്മിറ്റിക്ക് വിട്ടു. ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വീഴ്ചയെതുടർന്നാണ് ശുപാർശ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രൻ ഗുരുതരമായ വീഴ്ച വരുത്തിയതായി പാർട്ടി അ​ന്വേ​ഷ​ണ ക​മ്മിഷൻ കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ബ്രാഞ്ച് തലം മുതലുള്ള പ്രവർത്തകർ രാജേന്ദ്രനെതിരെ പാർട്ടിക്ക് പരാതി നൽകിയിരുന്നു. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ദേവികുളത്ത് പുതിയ സ്ഥാനാർത്ഥിയായി അഡ്വ. എ രാജയെ പാര്‍ട്ടി തീരുമാനിച്ചപ്പോൾത്തന്നെ മുന്‍ എംഎല്‍എ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗങ്ങള്‍ നടത്തുകയും വോട്ട് നല്‍കരുതെന്ന് ചിലരോട് പറഞ്ഞതായും ആരോപണമുയര്‍ന്നിരുന്നു. മുൻ മന്ത്രി എം.എം മണി രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Continue Reading