Connect with us

Crime

മകളെ കാണാൻ പുലർച്ച വീട്ടിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്നു

Published

on


തിരുവനന്തപുരം: മകളെ കാണാൻ പുലർച്ച വീട്ടിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലു പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലു പോലീസിനോട് വ്യക്തമാക്കിയത്.

ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ലാലു പേട്ട പോലീസിൽ കീഴടങ്ങുകയായിരുന്നു. കള്ളനെന്ന് കരുതി അനീഷിനെ ആക്രമിക്കുകയായിരുന്നു എന്നാണ് ലാലു പോലീസിനോട് പറഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്.അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.  അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Continue Reading