Connect with us

KERALA

ചിലരുടെ എതിര്‍പ്പിന് വഴങ്ങിക്കൊടുക്കലല്ല സര്‍ക്കാര്‍ ധര്‍മമെന്ന് പിണറായി

Published

on

കൊച്ചി : വികസനത്തിന് എതിരെയുള്ള ഏതാനും ചിലരുടെ എതിർപ്പുകൾക്കു വഴങ്ങിക്കൊടുക്കലല്ല സർക്കാരിന്റെ ധർമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ജനസമക്ഷം കെ റെയിൽ പദ്ധതി’ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പാതയുടെ വീതികൂട്ടൽ ഉൾപ്പടെ വന്നപ്പോഴുണ്ടായ എതിർപ്പുകളെയും അനുഭവങ്ങളെയും വിശദീകരിച്ചാണ് മുഖ്യമന്ത്രി കെറെയിൽ എതിർപ്പുകൾക്കു സർക്കാർ വഴങ്ങിക്കൊടുക്കില്ല എന്നു വ്യക്തമാക്കിയിരിക്കുന്നത്. 

നാടിന്റെ ഭാവിക്കു വേണ്ട കാര്യം, ചില ആളുകൾ എതിർത്തു എന്നതുകൊണ്ടു മാത്രം സർക്കാർ ഉപേക്ഷിച്ചു പോകുന്നതു ശരിയല്ല. സർക്കാരിന്റെ പ്രഥമമായ ബാധ്യതയും കടമയും ഇന്നുള്ള അവസ്ഥയിൽ നിന്നു നാടിനെ പുരോഗതിയിലേക്കു നയിക്കുക എന്നതാണ്. ജന ജീവിതം മെച്ചപ്പെടണം. ജീവിതം നവീകരിക്കപ്പെടണം. അതാവണം ഏതൊരു സർക്കാരും ചെയ്യേണ്ടത്. സർക്കാരിൽ അർപ്പിതമായ ആ ചുമതല നിറവേറ്റിയില്ലെങ്കിൽ സ്വാഭാവികമായും ജനങ്ങളാകെ സർക്കാരിനെ കുറ്റപ്പെടുത്തും. ഏതാനും ചിലരുടെ എതിർപ്പിനു മുന്നിൽ വഴങ്ങിക്കൊടുക്കലല്ല സർക്കാരിന്റെ ധർമം. നാടിന്റെ ഭാവിക്കു വേണ്ടത് നടപ്പാക്കുകയാണ് സർക്കാർ ഉത്തരവാദിത്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദേശീയ പാതയുടെ കാര്യം എടുത്താൽ, ഇതോടൊപ്പം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾ ദശാബ്ദങ്ങൾക്കു മുന്‍പേ പദ്ധതി പൂർത്താക്കി. നമ്മൾ അവിടെ തന്നെ കിടക്കുകയായിരുന്നു. 2016ൽ അധികാരത്തിൽ വന്നതിനു പിന്നാലെ പ്രധാനമന്ത്രിയെ കാണുമ്പോൾ അദ്ദേഹം പറഞ്ഞത് നമ്മൾ ഒരുമിച്ചു തുടങ്ങിയതാണെങ്കിലും നിങ്ങളുടെ നാട്ടിൽ ദേശീയ പാത പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനത്ത് വളരെ നേരത്തെ അതു പൂർത്തിയാക്കിയിരുന്നു. ഞങ്ങൾ ഇപ്പോൾ വന്നതേ ഉള്ളൂ. അടുത്ത തവണ നമ്മൾ കാണുമ്പോൾ എത്രത്തോളം ആയെന്ന് അപ്പോൾ പറയാം എന്ന് അന്നു മറുപടി നൽകി. അക്കാര്യത്തിൽ എതിർപ്പിനു കുറവൊന്നുമില്ലായിരുന്നു. 

വികസനത്തിനായി ഭൂമി നൽകിയവർ സംതൃപ്തരാണ്. കാരണം വലിയ തോതിലുള്ള നഷ്ട പരിഹാരമാണ് സർക്കാർ നൽകുന്നത്. ഇവിടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല നിലപാട്, ജനങ്ങളുടെ ഇതുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ കണ്ടില്ലെന്നു നടിക്കുകയുമില്ല, ജനങ്ങളുടെ ഒപ്പം നിന്ന് കഴിയാവുന്നത്ര സഹായിക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ആർക്കും പരാതിയില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

Continue Reading