Entertainment
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. റെയില്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലാണ് ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
‘ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാര്‍പ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തില്‍ ഓടാന്‍.’ എന്നും ശ്രീനിവാസന്‍ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രെയിന്‍. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അതില്‍ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയില്‍ വരാത്തതു കൊണ്ട് ആളുകള്‍ ചത്തു പോകില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. പദ്ധതിയില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നത്.