Connect with us

KERALA

പാവങ്ങൾക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്ന് വിമർശനം

Published

on

തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത്. മന്ത്രി ഓഫീസുകൾക്ക് വേഗം കുറവാണ്. ഒന്നാം പിണറായി സർക്കാർ പോലെയല്ല രണ്ടാം സർക്കാർ. പല കാര്യങ്ങളും വൈകുന്നു. എംഎൽഎമാർക്ക് അടക്കം പല പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാളയം ഏരിയാ കമ്മിറ്റിയുടെ പ്രതിനിധിയായിട്ടാണ് വി കെ പ്രശാന്ത് ചർച്ചയ്‌ക്ക് പങ്കെടുത്തത്. ഫണ്ട് തട്ടിപ്പിൽ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിട്ടുണ്ട്.സിപിഎം ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം ഉയർന്നിരിക്കുന്നത് ആരോഗ്യ വകുപ്പ് മന്ത്രിയ്‌ക്കെതിരെയും വ്യവസായ വകുപ്പ് മന്ത്രിക്കെതിരെയുമാണ്. കോവളം ഏരിയാ കമ്മിറ്റിയാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. പാവങ്ങൾക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളത്. വ്യവസായ മന്ത്രിയുടെ ഓഫീസ് പ്രമാണികളുടെ കേന്ദ്രമെന്നും പ്രതിനിധികൾ ആരോപണം ഉന്നയിച്ചു.

ജില്ലാ സമ്മേളനത്തില്‍ ഘടകകക്ഷിയായ സിപിഐയ്ക്ക് രൂക്ഷമായ വിമര്‍ശനം. പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിക്ക് പലയിടത്തും സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടത് മുന്നണിയില്‍ ജില്ലയില്‍ സിപിഎം കഴിഞ്ഞാല്‍ രണ്ടാമത് വരുന്ന പാര്‍ട്ടി സിപിഐയാണെങ്കിലും ജില്ലയിലൊരിടത്തും കാര്യമായ സ്വാധീനം സിപിഐയ്ക്ക് ഇല്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയില്ലെങ്കിലും സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ പലയിടത്തും കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്.
മാത്രമല്ല, സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടാന്‍ സിപിഐ ശ്രമിക്കുന്നുവെന്ന ആരോപണവും ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സിപിഐയില്‍ നിന്ന് നിരവധി ആളുകള്‍ സിപിഎമ്മിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള കോണ്‍ഗ്രസ് (എം) കോണ്‍ഗ്രസ് എസ്, ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് ജില്ലയില്‍ ചില പ്രദേശങ്ങളില്‍ പ്രവര്‍ത്തകരുണ്ട്. എന്നാല്‍ ഇടതുമുന്നണിയിലെ മറ്റൊരു കക്ഷിയായ ആര്‍എസ്പിയുടെ കാര്യം പ്രത്യേകിച്ച് പറയാനൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഡിഎഫില്‍ കോണ്‍ഗ്രസ് അല്ലാതെ കാര്യമായ സ്വാധീനമുള്ള പാര്‍ട്ടികള്‍ ഇല്ല. മുസ്ലീം ലീഗിന് മാത്രമാണ് ചിലയിടങ്ങളില്‍ അല്‍പം സ്വാധീനമുള്ളതെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു. ഇതിന് പുറമെ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്നും ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്ര വര്‍ഗീയതയ്‌ക്കൊപ്പം പാലിയേറ്റീവ് കെയര്‍ രംഗത്തും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവര്‍ത്തന സമിതി റിപ്പോര്‍ട്ടില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റി കാര്യമായ പരാമര്‍ശമില്ലെങ്കിലും എ. സമ്പത്തിനെതിരെ വിമര്‍ശനമുണ്ട്. സമ്പത്ത് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

Continue Reading