NATIONAL
കോൺഗ്രസ് വിട്ട് എ.എ.പി യിലേക്ക് പോയ മുൻ എം.പി കോൺഗ്രസിൽ തിരിച്ചെത്തി

ന്യൂഡല്‍ഹി: 2019 കോണ്‍ഗ്രസ് വിട്ട് എഎപിയിലേക്ക് പോയ മുന്‍ എംപി അജോയ് കുമാര്‍ തിരിച്ച് വീണ്ടും കോണ്‍ഗ്രസിലേക്ക്. കഴിഞ്ഞ വര്‍ഷമാണ് ജാര്‍ഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത്. സംസ്ഥാന നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു രാജി.
‘രാജ്യത്ത് നടക്കുന്ന അനീതിക്കും സ്ഥാപനങ്ങളുടെ പിടിച്ചെടുക്കലിനുമെതിരെ സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ പ്രചോദിപ്പിച്ചു. അതിനാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു’ എന്നാണ് കോണ്‍ഗ്രസിലേക്കുള്ള തന്റെ മടങ്ങി വരവിനെ കുറിച്ച് അജോയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്.
പാര്‍ട്ടിയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിച്ചു. അജോയിയുടെ മടങ്ങിവരവ് ശരിവെച്ച് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.
ജംഷഡ്പൂര്‍ എംപിയായിരുന്ന അജോയ് കുമാര്‍ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് പാര്‍ട്ടി വിട്ടത്. 2019 ഓഗസ്റ്റില്‍ രാജിവയ്ക്കുകയും അടുത്ത മാസം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയുമായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവെച്ച് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലൂടെയാണ് അജോയ് കുമാര്‍ രാഷ്ട്രീയത്തിലെത്തിയത്. തുടര്‍ന്ന് 2014 ലില്‍ കോണ്‍ഗ്രസിലെത്തി പാര്‍ട്ടിയുടെ വക്താവായി. 2017 ലാണ് അദ്ദേഹത്തെ പിസിസി അധ്യക്ഷനായി നിയമിച്ചത്.