KERALA
വിദ്യാർത്ഥികളുടെ കൺസെഷൻ തുക വർദ്ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ തുക വർദ്ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജു. കൺസെഷൻ തുക കുട്ടികൾക്ക് നാണക്കേടാണെന്നും പലരും അഞ്ച് രൂപ കൊടുത്ത് കഴിഞ്ഞാൽ ബാക്കി വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു.
പത്ത് വർഷത്തിന് മുമ്പാണ് വിദ്യാർത്ഥികളുടെ കൺസഷൻ തുക രണ്ട് രൂപയാക്കിയത്. എന്നാൽ ഇത് ഇന്ന് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസമുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളെ കയറ്റാത്ത ബസുടമകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കൺസെഷൻ ചാർജ് വർദ്ധനയ്ക്കെതിരെ വിദ്യാർത്ഥി സംഘടനകൾ വിമർശനമുയത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ചാർജ് വർദ്ധന പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധനവില വർദ്ധനയെപറ്റി വാർത്തകൾ വരുന്നുണ്ട്. ബൾക്ക് പർച്ചേസ് ചെയ്തവർക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചത്. ബഡ്‌ജറ്റിലെ അവഗണനയിലും നിരക്ക് വർദ്ധന നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം. മിനിമം ചാർജ് പന്ത്രണ്ട് രൂപ ആക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് ആറ് രൂപയാക്കി കൂട്ടണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നത്. നിരക്ക് കൂട്ടാമെന്ന് പറഞ്ഞെങ്കിലും നാല് മാസമായിട്ടും സർക്കാർ വാക്ക് പാലിച്ചിരുന്നില്ല.