Connect with us

KERALA

സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം

Published

on

കൊല്ലം: സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം. കൊല്ലം ജില്ലയില്‍ കല്ലിടല്‍ നടപടികള്‍ വീണ്ടും തുടങ്ങുമെന്ന് സൂചന ലഭിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി. കൊട്ടിയം തഴുത്തലയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയാണ്.

എന്ത് കാരണം വന്നാലും കല്ലിടാന്‍ സമ്മതിക്കില്ല. ജീവന്‍ പോയാലും കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവും ഇവര്‍ ഉന്നയിക്കുന്നു.സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. സില്‍വര്‍ലൈന്‍ സര്‍വേയ്ക്കായി കൊണ്ടുവന്ന കല്ലുകള്‍ കൊണ്ടുവന്ന വാഹനവും നാട്ടുകാര്‍ തടഞ്ഞു. നേരത്തെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ സര്‍വെ നിര്‍ത്തിവച്ചിരുന്നു.

മാസങ്ങള്‍ക്ക് ശേഷമാണ് കൊല്ലത്ത് ഇന്ന് കല്ലിടല്‍ വീണ്ടും ആരംഭിക്കുന്നത്. ഡിസംബറിലാണ് സര്‍വേ നടപടികള്‍ നിര്‍ത്തി വച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ആദ്യം സ്ഥിരം സമരവേദി ആരംഭിച്ചത് തഴുത്തലയില്‍ ആയിരുന്നു. കല്ലിടാന്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. കല്ലിടല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍.

സര്‍വേയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ച് നടപടിയാണ് സൂപ്രീംകോടതി കഴിഞ്ഞ ദിവസം ശരിവെച്ചത്. സാമൂഹിക ആഘാത പഠത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികളും കോടതി തള്ളിയിരുന്നു. ബൃഹത്തായ പദ്ധതിയുടെ സര്‍വ്വേ നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്നും, മറ്റു തരത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് കോടതി പറഞ്ഞത്. ജനകീയ സമരങ്ങളെ കോടതി ഉത്തരവിന്റെ ബലത്തില്‍ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

Continue Reading