KERALA
കമ്പോളവിലയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നതെന്നും അതുക്കുംമേലെ നൽകാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി

കോഴിക്കോട്: കെ റെയിൽ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് കമ്പോളവിലയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നതെന്നും അതുക്കുംമേലെ നൽകാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
നാടിന്റെ ഭാവിയെ കുറിച്ചാണ് മാദ്ധ്യമങ്ങൾ ചിന്തിക്കേണ്ടത്. സ്ഥാപിത താൽപര്യങ്ങൾ മുൻനിറുത്തിയുള്ള കുത്തിത്തിരിപ്പുകൾക്ക് ഇട കൊടുക്കരുത്. ചെറിയ ചെറിയ സംഭവങ്ങൾ ഊതി പെരുപ്പിക്കുന്ന പ്രവണത കൂടുന്നു. ഇത് ശരിയാണോ എന്ന് മാദ്ധ്യമങ്ങൾ സ്വയം ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കഴിഞ്ഞയാഴ്ച ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീ സമരത്തിന് വന്നു. പൊലീസ് നടപടിയുണ്ടായപ്പോൾ അതിനെ മാദ്ധ്യമങ്ങൾ മഹത്വവൽക്കരിച്ചു. കുഞ്ഞിനെയും കൊണ്ടാണോ സമരത്തിന് വരേണ്ടത്? മാദ്ധ്യങ്ങൾ പറയുന്നത് ജനം പൂർണമായും വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. അങ്ങനെ വിശ്വസിച്ചിരുന്നെങ്കിൽ താനിപ്പോൾ ഇങ്ങനെ ഇവിടെയിരുന്ന് സംസാരിക്കില്ലല്ലോ.ദേശീയപാതാ വികസനത്തിൽ ഭൂമിയേറ്റടുക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ ഗഡ്കരിയെ കണ്ടു. അദ്ദേഹം കാര്യങ്ങൾ കേട്ടു. ഭൂമി നേരത്തേ ഏറ്റെടുത്തിരുന്നെങ്കിൽ ദേശീയ പാത നേരത്തേ വന്നേനെ. ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്ത് നടപ്പാക്കണം.