KERALA
മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങിന് ബദലായി സമാന്തര ഉദ്ഘാടനം
കൊച്ചി: ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങിന് ബദലായി സമാന്തര ഉദ്ഘാടനം നടത്തി സർക്കാർ. കാസർകോട്ട് ദേശീയപാത സി.എച്ച്. കുഞ്ഞമ്പു എം. എൽ.എ ഉദ്ഘാടനം ചെയ്തു.
കേന്ദ്രത്തിന് രാഷ്ട്രീയമായ അന്ധത ബാധിച്ചതിന്റെ തെളിവാണ് ഈ നടപടിയെന്ന് ഉദ്ഘാടനവേളയിൽ കുഞ്ഞമ്പു എം. എൽ.എ പറഞ്ഞു. യു.ഡി.എഫ് കാലത്ത് ഭൂമി ഏറ്റെടുക്കാൻ കഴിയാതെ ഉപേക്ഷിച്ചുപോയ പദ്ധതിയാണിതെന്നും അന്ന് ദേശീയപാതാ അതോറിറ്റി കേരളത്തിൽ ഈ പദ്ധതി വേണ്ടെന്ന് പറഞ്ഞ് മടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് പദ്ധതിക്ക് പുനർജീവൻ ലഭിച്ചതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഒരിടത്തും നൽകാത്ത വിധം, ഭൂമിയുടെ മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകിയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തതെന്നും ഇതിനായി കിഫ്ബിയിൽനിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎമാരെയും സംസ്ഥാന മന്ത്രിമാരെയും അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞമ്പു എം. എൽ.എ പറഞ്ഞു.
വെങ്ങളത്ത് 12-മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് സമാന്തര ഉദ്ഘാടനം നടത്തും. മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള സമാന്തര റോഡ് ഷോയും ഇതിനോടൊപ്പം നടക്കും. ദേശീയപാതാ വികസനത്തിൽ സംസ്ഥാന സർക്കാരിനുള്ള കൃത്യമായ പങ്കാളിത്തം ഉറപ്പാക്കാനും അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
മന്ത്രി മുഹമ്മദ് റിയാസ് തന്നെ പലതവണ നിർമാണ സ്ഥലങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തിയ കോഴിക്കോട് ബൈപ്പാസ് (വെങ്ങളം-രാമനാട്ടുകര റീച്ച്) ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. വകുപ്പ് മന്ത്രിയെ ചടങ്ങിൽനിന്ന് മാറ്റിനിർത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനവും സംസ്ഥാനത്തോടുള്ള അപമാനവുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.
ഏകദേശം 4,790 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ സുപ്രധാന പദ്ധതികളാണ് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. ഇതിൽ 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപ ചെലവിൽ നവീകരിച്ച വെങ്ങളം-രാമനാട്ടുകര റീച്ചും ഉൾപ്പെടുന്നു. കൂടാതെ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമ്മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും. പദ്ധതികളുടെ ക്രെഡിറ്റ് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ കൂടി കഠിനമായ ഇടപെടലുകളുടെ ഫലമായാണ് ഈ പദ്ധതികൾ പൂർത്തിയായതെന്ന അവകാശവാദം നിലനിൽക്കെ, മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ വിവേചനമാണെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ആരോപണം.
