Education
വിനോദയാത്രയ്ക്ക് പോയ രണ്ട് എഞ്ചിനിയറിങ് കൊളെജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി

കോട്ടയം: വിനോദയാത്രയ്ക്ക് പോയ 2 എഞ്ചിനിയറിങ് കൊളെജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ഏറ്റുമാനൂർ മംഗളം എഞ്ചിനിയറിങ് കൊളെജിൽ നിന്ന് മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ 42 അംഗ സംഘത്തിലെ കംപ്യൂട്ടർ എഞ്ചിനിയറിങ് അവസാന വർഷ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പിൽ അമൽ സി അനിൽ, പാമ്പാടി വെള്ളൂർ എല്ലിമുള്ളിൽ അലൻ റജി എന്നിവരാണ് ബീച്ചിൽ സെൽഫി എടുക്കുന്നതിനിടെ തിരയിൽപെട്ട് മരിച്ചത്.
അപകടത്തിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന എറണാകുളം ഉദയംപേരൂർ ചിറമേൽ ആൻ്റണി ഷിനോജിനെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ടാണ് അധ്യാപകർ അടങ്ങുന്ന വിദ്യാർഥി സംഘം കൊളെജിൽ നിന്ന് രണ്ട് ബസുകളിലായി പഠന വിനോദയാത്ര പുറപ്പെട്ടത്. തുടർന്ന് ഇന്ന് ഉച്ചയോടെ സെൻ്റ് മേരിസ് ഐലൻഡിലെ ഉടുപ്പി ബീച്ചിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാൻ വിദ്യാർഥികൾ കടലിലിറങ്ങിയത്. ഇതിനിടയിലായിരുന്നു അത്യാഹിതം.