Connect with us

NATIONAL

കെ.വി തോമസിന് ഇനി ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി

Published

on

കണ്ണൂര്‍: മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കമന്‍ഡ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത അദ്ദേഹത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കെവി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി തുടരുന്നു. സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളേയും ഒന്നും സംഭവിക്കില്ല.’ മുഖ്യമന്ത്രി വ്യക്തമാക്കി.
പല കോണ്‍ഗ്രസ് നേതാക്കളും സെമിനാറില്‍ പങ്കെടുക്കാന്‍ മടി കാണിച്ചപ്പോള്‍ കെ.വി തോമസ് കാണിച്ചത് ധീരതയെന്ന് സിപിഎം നേതാവ് എം.വി ജയരാജന്‍ പറഞ്ഞു. സെമിനാറിന്റെ സ്വാഗത പ്രസംഗത്തിലാണ് എംവി ജയരാജന്റെ പരമാര്‍ശം. കെ സുധാകരന്റേതു ഊരു വിലക്കാണെന്നും കോണ്‍ഗ്രസുകാര്‍ പോലും സുധാകരനെ വെറുക്കുന്നുവെന്നും ജയരാജന്‍ ആരോപിച്ചു.
ഹൈക്കമന്‍ഡ് വിലക്ക് ലംഘിച്ചാണ് തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്. ഷാളിനൊപ്പം യേശുവിന്റെ ചിത്രവും നല്‍കിയാണ് കെ.വി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍ സ്വീകരിച്ചത്.
സെമിനാറിലെ മുഖ്യാതിഥിയായ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചു. കേന്ദ്ര സംസ്ഥാന ബന്ധം എന്ന വിഷയത്തിലാണ് ദേശീയ സെമിനാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു.

Continue Reading