NATIONAL
വണ്‍ നേഷന്‍, വണ്‍ ഇലക്ഷന് ഉടൻ നടപ്പിലാകും

.
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒറ്റയടിക്കു നടത്തുകയെന്ന ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഈ വിവരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വണ്‍ നേഷന്‍, വണ്‍ ഇലക്ഷന് (ഒരു രാജ്യം, ഒരുമിച്ച് തെരഞ്ഞെടുപ്പ്) എന്നതിനൊപ്പം, വണ്‍ നേഷന്‍ വണ്‍ വോട്ടേഴ്സ് ലിസ്റ്റ് (ഒരു രാജ്യം, ഒറ്റ വോട്ടർ പട്ടിക) എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ടെന്നും അത് ഏതാണ്ട് പൂര്‍ത്തീകരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുമുണ്ടായി.
2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭ, തദ്ദേശഭരണ തെരഞ്ഞെടുപ്പുകളും നടന്നേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി പ്രധാനമന്ത്രി തന്നെ ഈ വിഷയം പല വേദികളിലും അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ ഇലക്ഷന് കഴിഞ്ഞതോടെ വിഷയം ഊർജിതമായി ചര്‍ച്ച ചെയ്യുന്നതിന് രാഷ്ട്രത്തിന്റെ സാമ്പത്തികാവസ്ഥയും കാരണമാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഓരോ വർഷവും രാജ്യത്ത് ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പു നടത്തേണ്ടി വരുന്നുണ്ട്. ഇതിനായി പൊതുഖജനാവില്‍ നിന്ന് കോടികളാണ് ചെലവഴിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും സമയവും ശ്രദ്ധയും രാജ്യപുരോഗതിയില്‍ നിന്ന് തെരഞ്ഞെടുപ്പു രംഗത്തിനായി നീക്കിവയ്ക്കേണ്ടി വരികയാണ്.
ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള തെരഞ്ഞെടുപ്പ് രീതികൾ പഠിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയിൽ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി വലുതാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയും കോണ്‍ഗ്രസും മാത്രമാണ് ശക്തമായുള്ളത്. മറ്റ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികൾ പലതുണ്ടെങ്കിലും അതൊക്കെ സാങ്കേതികം മാത്രമാണെന്ന് പറയാം. എന്നാൽ, രണ്ട് പാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ നടപ്പിലാക്കുവാന്‍ സാധിക്കുന്നതല്ല ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 1,385 എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 719 എംഎല്‍എമാരും. മൂന്നാം സ്ഥാനത്തുള്ളത് തൃണമൂല്‍ കോണ്‍ഗ്രസാണ്. അവര്‍ക്ക് 236 എംഎല്‍എമാർ. ആം ആദ്മി പാര്‍ട്ടിക്ക് 156, വൈഎസ്ആര്‍ കോണ്‍ഗ്രസിന് 151, ഡിഎംകെയ്ക്ക് 139.
1951ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് 45 ശതമാനം മാത്രമായിരുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 67 ആയി ഉയര്‍ന്നു. “വണ്‍ നേഷന്‍, വണ്‍ ഇലക്ഷന്’ നടപ്പിലായാല്‍ വോട്ടിങ് ശതമാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ കൂടുതലായി വോട്ടുചെയ്യാന്‍ വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 75 ശതമാനം വോട്ട് ഓരോ തെരഞ്ഞെടുപ്പിലും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്താൻ ഇലക്ഷന് കമ്മിഷനും ഒരുങ്ങിക്കഴിഞ്ഞെന്ന് മുഖ്യ ഇലക്ഷന് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര പറയുക കൂടി ചെയ്തിരിക്കയാണ്. അതുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നതിന് രാജ്യം ഏറെ കാത്തിരിക്കേണ്ടി വരില്ലെന്ന് നിരീക്ഷിക്കപ്പെടുന്നത്.
നമ്മുടെ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്നാണ് വ്യാഖ്യാനിക്കുന്നത്. ആദ്യ മൂന്നു തെരഞ്ഞെടുപ്പുകള്‍ ഭരണഘടന പ്രകാരം നടന്നു എന്ന് പറയാം. അതായത്, “വണ്‍ നേഷന്‍, വണ്‍ ഇലക്ഷന്’ എന്നത് പുതിയ കാര്യമല്ല എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. പിന്നീട് പല കാരണങ്ങളാല്‍ അത് നടപ്പിലായില്ല. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ പ്രതിസന്ധി മൂലം നിയമസഭകൾക്കു കാലാവധി പൂർത്തിയാക്കാനായില്ല. കേന്ദ്ര സര്‍ക്കാര്‍ പല സംസ്ഥാന സര്‍ക്കാരുകളെയും പിരിച്ചുവിട്ടതും കാരണമായി.
പാര്‍ലമെന്റ്, നിയമസഭ, തദ്ദേശഭരണ സമിതികളെ ഒരേ സമയം തെരഞ്ഞെടുക്കുന്ന സാഹചര്യം വീണ്ടും നിലവില്‍ വന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന പണത്തിനും കുറവ് വരും. ആദ്യ മൂന്നു തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്നതു കൊണ്ടാണ് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പിരിച്ചുവിടാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പാലിറ്റികള്‍ ഒന്നാക്കി മാറ്റിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ്, അവിടെ പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നതിനിടയിലാണ് നാടകീയ നീക്കം.
ഒരുമിച്ച് തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പില്‍ വരുത്തുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയ്ക്കെല്ലാം പരിഹാരം കാണുകയും വേണം. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ പ്രതിസന്ധി സൃഷ്ടിക്കും. കുതിരക്കച്ചവടത്തിന് സാധ്യത കൂട്ടുന്ന സാഹചര്യം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.