HEALTH
പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസ്സുകാരി മരിച്ചു. ഒരു മാസത്തിനിടെ വാക്സിൻ എടുത്ത് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്

തിരുവനന്തപുരം : തെരുവുനായ കടിച്ചതിന് ആദ്യ മൂന്നു ഡോസ് പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസ്സുകാരി മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. വാക്സീൻ എടുത്ത ശേഷവും രോഗം ബാധിച്ച് ഒരു മാസത്തിനിടെ രണ്ട് പെൺകുട്ടികൾ മരിച്ചതിനു പിന്നാലെയാണ് വീണ്ടും മരണം.
ഏപ്രിൽ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്സീൻ എടുത്ത കുട്ടിക്ക് തുടർന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
വാക്സീൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായി ഏപ്രിൽ 9നു പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), ഏപ്രിൽ 29നു മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. ഡിസംബറിൽ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവയ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്നുമാസത്തിനു ശേഷമായിരുന്നു. കുട്ടി അവസാനം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽനിന്ന് ശേഖരിച്ച സാംപിളുകൾ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചപ്പോളാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് അധികൃതർക്കു വിവരം ലഭിച്ചെങ്കിലും പുറത്തറിയിച്ചിരുന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. 2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സീൻ എടുത്തശേഷം 22 പേർ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കൈയിലുള കണക്ക്.