Connect with us

Crime

വിഴിഞ്ഞം കടലിൽ തുടരുന്ന വിദേശ ചരക്ക് കപ്പൽ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ തീരം വിടണമെന്ന് കർശന നിർദേശം

Published

on

തിരുവനന്തപുരം: വിഴിഞ്ഞം പുറംകടലിൽ തുടരുന്ന വിദേശ ചരക്ക് കപ്പൽ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ തീരം വിടണമെന്ന് കർശന നിർദേശം നൽകി കോസ്റ്റ് ഗാർഡ്. എഞ്ചിനിലെ കംപ്രസർ തകരാറായി യാത്ര മുടങ്ങിയതോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ നങ്കുരമിട്ടത്.

ചെന്നൈയിൽ നിന്ന് ദുബായ് തുറമുഖത്തേക്ക് പോവുകയായിരുന്ന എംവി സിറാ എന്ന ബൾക്ക് കാരിയർ ചരക്കുകപ്പൽ ഉടൻ തകരാർ പരിഹരിച്ച് ഇന്ത്യൻ തീരം വിടാൻ കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ അധികൃതരാണ് നിർദേശിച്ചത്.കഴിഞ്ഞ ഒരാഴ്‌ചയായി കപ്പൽ വിഴിഞ്ഞം പുറംകടലിൽ തുടരുകയാണ്. ഇതോടെ കോസ്റ്റ്‌ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് സി – 441 എന്ന കപ്പലെത്തി പരിശോധന നടത്തിയിരുന്നു. എഞ്ചിനിലെ കംപ്രസർ തകരാറിലായതാണ് കപ്പൽ പുറപ്പെടുന്നതിന് തടസമായതെന്ന് ക്യാപ്‌‌റ്റനും ഈജിപ്‌ത് സ്വദേശിയുമായ അൻവർ ഗാമൽ കോസ്റ്റ്‌ഗാർഡിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. രാജ്യത്തിന്റെ നിലവിലെ സാഹചര്യമനുസരിച്ച് കഴിഞ്ഞ ഒരാഴ്‌ചക്കാലമായി കപ്പൽ പുറംകടലിൽ തുടർന്നതിനാലാണ് കോസ്റ്റ്‌ഗാർഡിന്റെ ഉദ്യോഗസ്ഥരെത്തി കപ്പലിനുള്ളിൽ പരിശോധന നടത്തിയത്.ഇന്ത്യക്കാരടക്കം 26 ജീവനക്കാരാണ് കപ്പലിലുള്ളതെന്നും ക്യാപ്‌റ്റൻ അറിയിച്ചു.

കേരളാ മാരിടൈം ബോർഡിന്റെ വിഴിഞ്ഞം അധികൃതരോട് കപ്പലിന്റെ യന്ത്ര തകരാർ പരിഹരിക്കുന്നതിന് സഹായം തേടിയിരുന്നു. എന്നാൽ, ഇതിൽ തീരുമാനം ആയിരുന്നില്ല. സ്‌പെയർ പാർട്ട്‌സ് എത്തിക്കുന്നതിനുള്ള സഹായമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കസ്റ്റംസ്, ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള ഏജൻസികളുടെ നടപടികൾ പൂർത്തിയായാൽ മാത്രമേ എത്തിക്കാനാകൂ. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് വിവരം.

Continue Reading