International
ഓപ്പറേഷൻ സിന്ദൂർ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് കൊടുംഭീകരർ, സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പാക് സെെനികർ

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക ആക്രമണത്തിൽ ഹാഫിസ് സെയ്ദിന്റെ ഉറ്റ ബന്ധുവടക്കം അഞ്ച് കൊടുംഭീകരരെ വധിച്ചതായി റിപ്പോർട്ട്. ലഷ്കർ – ഇ – തൊയ്ബ, ജയ്ഷെ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. മസൂദ് അസറിന്റെ മറ്റൊരു സഹോദരി ഭർത്താവ് ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടു.
പാക് അധീന കാശ്മീരിലെ ജെയ്ഷെ കമാൻഡറുടെ മകനും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. മെയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂരിലാണ് ഇവർ കൊല്ലപ്പെട്ടത്. മുദസ്സർ ഖാദിയാൻ ഖാസ്, അബു അഖാശ, മുഹമ്മദ് ഹസൻ ഖാൻ, മുഹമ്മദ് യൂസഫ് അസർ എന്നിവരും കൊല്ലപ്പെട്ടു.ഈ ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ ഉന്നത സെെനിക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ 1.05 ഓടെയാണ് പാകിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള ജെയ്‌ഷെ, ലഷ്‌കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചത്. ഈ ആക്രമണത്തിൽ മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും, സഹോദരിയുടെ മകനും ഭാര്യയും, ഒരു അനന്തരവളും കുടുംബത്തിലെ അഞ്ച് കുട്ടികളും കൊല്ലപ്പെട്ടെന്നാണ് ജയ്‌ഷെ മുഹമ്മദിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ബിബിസി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നത്. മസൂദ് അസറിന്റെ ഏറ്റവും അടുത്ത അനുയായിയും അയാളുടെ മാതാവും മറ്റ് രണ്ട് അനുയായികളും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.