Connect with us

International

മെസി അടക്കമുളള അർജന്റീന ടീം കേരളത്തിൽ കളിക്കാൻ അടുത്ത വർഷം എത്തും

Published

on



തിരുവനന്തപുരം: ഫുട്ബോൾ ആരാധകരുടെ പ്രിയതാരം ലയണൽ മെസി അടക്കമുളള അർജന്റീന ടീം കേരളത്തിൽ കളിക്കാൻ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. അടുത്ത വർഷം നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാണ് താരവും ടീമും കേരളത്തിൽ എത്തുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ തീരുമാനത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ അർജന്റീന ടീം അധികൃതർ ഒന്നരമാസത്തിനകം എത്തും. അടുത്ത വർഷം നടക്കുന്ന മത്സരത്തിന്റെ തീയതിയും പ്രഖ്യാപിക്കും. സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലാകും മത്സരം നടക്കുക. മത്സരത്തിന്റെ ചിലവ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. മത്സരം പൂർണമായും സർക്കാർ നിയന്ത്രിക്കും.പ്രതിനിധികൾ കേരളത്തിൽ എത്തി മെസി ഉൾപ്പടെ കളിക്കേണ്ട ഗ്രൗണ്ടും സുരക്ഷാകാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക. കൊച്ചിയിൽ മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. 50,000 കാണികളെ ഉൾക്കൊള്ളാനാകുന്ന സ്ഥലത്ത് വേണം മത്സരം നടത്താൻ. രണ്ട് മത്സരങ്ങൾ ഉണ്ടാകും.നേരത്തേ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്തത് കാരണം ആ പദ്ധതി ഉപേക്ഷിച്ചു. കൂടുതൽ ആളുകളെ ഉൾക്കൊള്ളേണ്ടതിനാൽ കൊച്ചിയിലായിരിക്കും സാദ്ധ്യത’- മന്ത്രി പറഞ്ഞു.അതേസമയം അർജന്റീനയുടെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ മന്ത്രി പ്രതികരിച്ചിട്ടില്ല. ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീം തന്നെ അർജന്റീനയെ നേരിടാൻ ഇറങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.

Continue Reading