Crime
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്സൈസിന് മുന്നിൽ ഹാജരായി

ആലപ്പുഴ :രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, പാലക്കാട് സ്വദേശിയായ മോഡൽ കെ.സൗമ്യ എന്നിവരുടെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. ഹാജരാവാൻ നിർദേശിച്ചതിന് രണ്ടേകാൽ മണിക്കൂർ മുൻപ് ആലപ്പുഴ എക്സൈസ് ഓഫിസിലേക്ക് ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇരുവരും പ്രതികരിച്ചില്ല. 10 മണിക്ക് മൊഴിയെടുക്കൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. അഭിഭാഷകർക്കൊപ്പമാണ് ഷൈനും ഭാസിയും എത്തിയത്. ഇവർക്ക് പിന്നാലെ കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയ മോഡലായ യുവതിയും എത്തി.
ടെലിവിഷൻ റിയാലിറ്റി ഷോ താരമായ ജിന്റോ, സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവർക്ക് നാളെ മൊഴി നൽകാൻ എത്താൻ നോട്ടിസ് നൽകിയിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43) നടന്മാരും മോഡലുമായി ഫോൺവിളി നടത്തിയെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഇവരുമായി തസ്‍ലിമയ്ക്കു സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തി. ലഹരി ഇടപാടിന്റെ ഭാഗമായാണോ സാമ്പത്തിക ഇടപാട് നടന്നതെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായേക്കും.
മറ്റൊരു കേസിൽ കൊച്ചിയിൽ പിടിയിലായ ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവ് കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതായി സൂചനകളുണ്ട്. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഒരു പ്രമുഖ നടനുവേണ്ടിയാണെന്നാണു സൂചന. ഇതിന്റെ നിജസ്ഥിതിയും ചോദിച്ചറിയും. നടന്മാരെയും മോഡലിനെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തേക്കും. ഇതിനായി പ്രത്യേക ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്.