Crime
എൻ . എം വിജയന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കെ. സുധാകരന്റെ മൊഴിയെടുത്തു.

കണ്ണൂർ : വയനാട്ടിലെ കോൺഗ്രസ് നേതാവ് എൻ . എം വിജയന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മൊഴിയെടുത്തു. ബത്തേരി പോലീസ് സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയോടെയാണ് നടാലിലെ കെ.സുധാകരന്റെ വീട്ടില്‍ അന്വേഷണ സംഘം എത്തിയത്.
ആത്മഹത്യാക്കുറിപ്പില്‍ എന്‍.എം വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ കത്ത് മുഖേന കെ.സുധാകരന് നല്‍കിയിരുന്നു. കത്ത് കൈമാറിയിട്ടും സുധാകരന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ലെന്ന് എന്‍.എം വിജയന്റെ കുടുംബം മുന്‍പ് ആരോപിച്ചിരുന്നു. പിന്നീട് തനിക്ക് കത്തുലഭിച്ച കാര്യം കെ. സുധാകരന്‍ തന്നെ സമ്മതിച്ചു.
കത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് എന്‍.എം വിജയന്‍ പറഞ്ഞതെന്ന് അറിയുന്നതിനായാണ് അന്വേഷണ സംഘം കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തിയത്. കത്തില്‍ ആരുടെയൊക്കെ പേരാണ് എന്‍.എം വിജയന്‍ പറഞ്ഞിരിക്കുന്നതെന്ന് അറിയാനാണ് ശ്രമം.
കഴിഞ്ഞ ഡിസംബര്‍ 27-ന് ആണ് എന്‍.എം വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയത്. തുടര്‍ന്ന് ജനുവരി ആറിനാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പും കെപിസിസി പ്രസിഡന്റിന് എഴുത്തിയ കത്തുകളും എന്‍.എം വിജയന്റെ കുടുംബം പുറത്തുവിട്ടത്.