Connect with us

Crime

പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തു

Published

on

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പഹൽഗാമിൽ 26 പേരെ വെടിവച്ചുകൊലപ്പെടുത്തിയ ഭീകരർക്കായി വ്യാപക തെരച്ചിൽ നടക്കുകയാണ്. ഇതിനിടയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

പൂഞ്ചിൽ സുരൻകോട്ടിലെ വനപ്രദേശത്ത് സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളിൽ മൂന്നെണ്ണം ടിഫിൻ ബോക്സുകളിലും രണ്ടെണ്ണം സ്റ്റീൽ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ രണ്ട് റേഡിയോ സെറ്റുകളും ബൈനോക്കുലറുകളും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

താഴ്വരയിലുടനീളം വലിയ തോതിലുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാ സേന ആരംഭിച്ചിട്ടുണ്ട്. സംശയിക്കുന്നയിടങ്ങൾ പരിശോധിച്ചുവരികയാണ്. കൂടാതെ ഭീകരരുടെ വീടുകൾ തകർത്തു. ചോദ്യം ചെയ്യുന്നതിനായി നൂറുകണക്കിന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏപ്രിൽ 22 ന് അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിലാണ് ഭീകരാക്രമണം നടന്നത്. മലയാളിയടക്കം ഇരുപത്തിയാറ് പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്. ആക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിച്ചു.

Continue Reading