Crime
നമ്മൾ ഒറ്റക്കെട്ടാണെന്ന് തെളിയിക്കണം, പാർലമെന്റ് പ്രത്യേക ‘ സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ ഭീകരതയ്‌ക്കെതിരെ നമ്മള്‍ എപ്പോഴും ഒരുമിച്ച് നില്‍ക്കുന്നുവെന്ന് ഇന്ത്യ കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് രാഹുൽ മോദിക്ക് കത്ത് നൽകിയത്.
‘പഹൽഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനേയും രോഷാകുലനാക്കിയിട്ടുണ്ട്. ഈ നിർണായകസമയത്ത് തീവ്രവാദത്തിനെതിരെ നാം ഒറ്റക്കെട്ടാണെന്ന് തെളിയിക്കേണ്ടതുണ്ട്. പാർലമെന്റിന്റെ ഇരുസഭകളും വിളിച്ചുചേർക്കുകയാണെങ്കിൽ ജനപ്രതിനിധികൾക്ക് അവരുടെ ഐക്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിക്കാൻ അവസരം ഉണ്ടാവുമെന്ന് പ്രതിപക്ഷം കരുതുന്നു. എത്രയും വേഗം പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.’ ഇതാണ് കത്തിലെ ഉള്ളടക്കം.
പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗയും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.