Crime
നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസിലെ പ്രതികൾക്ക് ജാമ്യം. പ്രായം പരിഗണിച്ചാണ് ജാമ്യം നൽകിയതെന്ന് കോടതി

കോട്ടയം: സർക്കാർ നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസിലെ പ്രതികൾക്ക് ജാമ്യം. പ്രായം പരിഗണിച്ചാണ് പ്രതികൾക്ക് ജാമ്യം നൽകിയതെന്ന് കോട്ടയം ജില്ലാ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. ഇവർ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്തതും കോടതി പരിഗണിച്ചു
.ദിവസങ്ങൾക്ക് മുമ്പാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. നടന്നത് കൊടുംക്രൂരതയാണെന്നും ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് പീഡനമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ അഞ്ച് പ്രതികളാണുള്ളത്.സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻവി വിവേക്, റിജിൽ ജിത്ത് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. നാല് മാസത്തോളമാണ് പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിച്ചത്. വിദ്യാർത്ഥികൾ വേദനകൊണ്ട് പുളയുന്നത് കണ്ട് പ്രതികൾ ആനന്ദിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കി.പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. പ്രതികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. പൊലീസ് ഇതിന്റെ ശാസ്ത്രീയ പരിശോധന നടത്തി. കൂടാതെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നും റാഗിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ കിട്ടിയിരുന്നു.റാഗിംഗിനെക്കുറിച്ച് ഹോസ്റ്റൽ അധികൃതരോ, കോളേജ് അധികൃതരോ അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആകെ 42 സാക്ഷികളാണുള്ളത്. മദ്യമടക്കം വാങ്ങാൻ പരാതിക്കാരായ വിദ്യാർത്ഥികളോട് പ്രതികൾ നിരന്തരം പണം വാങ്ങിയിരുന്നു. ഫെബ്രുവരി പതിനൊന്നിന് രാത്രിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പന്ത്രണ്ടാം തീയതി അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.