Connect with us

Crime

വിനീത കൊലക്കേസ് : പ്രതി കുറ്റക്കാരനെന്ന് കോടതി

Published

on

തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2022 ഫെബ്രുവരി ആറിനാണ് കേരളത്തെ നടുക്കിയ ക്രൂരകൃത്യം നടന്നത്. നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിയാണ് വിനീത.

പ്രതി വിനീതയെ കൊലപ്പെടുത്താനെത്തുന്നതിന്റെയും സംഭവസ്ഥലത്ത് നിന്ന് മടങ്ങി പോകുന്നതിന്റെയുമടക്കം സി സി ടിവി ദൃശ്യങ്ങളടങ്ങിയ 12 പെൻഡ്രൈവുകളും ഏഴ് ഡി.വി.ഡികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ, സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ച് പ്രോസിക്യൂഷൻ 96 സാക്ഷികളെ വിസ്തരിച്ചു.2022 ഫെബ്രുവരി 6ന് രാവിലെ 11.50നാണ് വിനീത കൊലപ്പെട്ടത്. തമിഴ്നാട് കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിൽ കിടന്ന നാലരപവൻ തൂക്കമുള്ള സ്വർണമാല കവരുന്നതിനായിരുന്നു കൊലപാതകം. ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങൾ ചെയ്‌തിരുന്നത്. സമാനരീതിയിൽ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യൻ, ഭാര്യ വാസന്തി, ഇവരുടെ 13കാരിയായ മകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു വിനീതയെ കൊലപ്പെടുത്തിയത്.ഹൃദ്രോഗബാധിതനായി ഭർത്താവ് മരിച്ചതിനെ തുടർന്ന് ജീവിക്കാൻ മറ്റു മാർഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത അലങ്കാരച്ചെടി വിൽപ്പനശാലയിൽ ജോലിക്കു ചേർന്നത്. കൊല്ലപ്പെടുന്നതിന് ഒമ്പത് മാസം മുൻപാണ് ഇവിടെ ജോലിക്ക് എത്തിയത്. സമ്പൂർണ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ദിവസം ചെടികൾ നനയ്ക്കുന്നതിനാണ് വിനീത കടയിലെത്തിയത്. ചെടി വാങ്ങാൻ എന്ന വ്യാജേന കടയിലെത്തിയ പ്രതി ചെടികൾ കാണിച്ചു കൊടുത്ത വിനീതയെ പുറകിൽ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തിൽ കത്തി കുത്തി ഇറക്കുകയായിരുന്നു.

Continue Reading