Crime
വീട്ടിലെ പ്രസവം: അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി കസ്റ്റഡിയിൽ

മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച അസ്മ എന്ന സ്ത്രീ മരിച്ച സംഭവത്തില്‍ ഒരാള്‍ക്കൂടി കസ്റ്റഡിയില്‍. അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് ചോദ്യം ചെയ്യും. നേരത്തേ അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കി പോലീസ് കേസില്‍ അറസ്റ്റുചെയ്തിരുന്നു.
കേസില്‍ കൂടുതല്‍പേർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മലപ്പുറം പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഫാത്തിമയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രസവവുമായും മരണവുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഇവരില്‍നിന്ന് ചോദിച്ചറിയും. ഇവരെ ആശ്രയിച്ച് വീട്ടില്‍ പ്രസവിക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ടെന്നാണ് വിവരം.നേരത്തേ ഇവര്‍ക്ക് ഇക്കാര്യത്തില്‍ താക്കീത് നല്‍കിയിരുന്നുവെന്ന് ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ പറഞ്ഞു. അവര്‍ അത് അനുസരിച്ചില്ലെന്നും പ്രതിപ്പട്ടികയില്‍ ഇവരെയും ചേര്‍ക്കണമെന്നും മൂസ ആവശ്യപ്പെട്ടു.
മരണവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. വയോധികയായ സ്ത്രീ ശ്വാസംമുട്ടി മരിച്ചെന്നു പറഞ്ഞാണ് അസ്മയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലന്‍സ് വിളിച്ചത്. തുടര്‍ന്ന് മൃതദേഹം പെരുമ്പാവൂരിലെത്തിച്ചെങ്കിലും ബന്ധുക്കള്‍ സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. വീട്ടില്‍ പ്രസവിച്ചതിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് അസ്മ മരിച്ചത്.