Connect with us

Kannur

സാമൂഹ്യ അന്തരീക്ഷം മലീമസമാക്കുന്ന പ്രസ്താവനകളില്‍ നിന്ന് സഹ്‌റ കോളേജ് ചെയര്‍മാന്‍ പിന്‍മാറണം

Published

on

പാനൂര്‍ : നിരന്തരമായി സോഷ്യല്‍ മീഡിയയില്‍ പദവിക്കും പാരമ്പര്യത്തിനും ചേരാത്ത വിധത്തില്‍ കുറിപ്പുകള്‍ ഇറക്കുന്ന സഹ്റ കോളേജ് ചെയര്‍മാന്‍ മുഹമ്മദ് മഖ്ധൂം നടത്തുന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലീം യൂത്ത് ലീഗ് പാനൂർ ടൗണ്‍ കമ്മറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ആശയത്തെ തള്ളിക്കൊണ്ട് ആമാശയത്തെ പുല്‍കുന്നവരുടെ വാക്കുകള്‍ തള്ളിക്കളയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ഏഴു പതിറ്റാണ്ടിന്റെ മേലെ രാഷ്ട്രീയ പാരമ്പര്യമുള്ള മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാന കാല നേതാക്കളായ പി കെ കുഞ്ഞാലികുട്ടി അടക്കമുള്ളവരെയും മുസ്ലിം കൈരളിയുടെ നേതൃത്വമായ പാണക്കാട് കുടുംബത്തെയും നിരന്തരമായി പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പദപ്രയോഗങ്ങളും ജല്‍പ്പനങ്ങളും സോഷ്യല്‍ മീഡിയ നടത്തുക വഴി സ്വയം അപഹാസ്യമാവുകയാണ് ഇദ്ദേഹമെന്നും പ്രസ്താവനയില്‍ യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.

ചേലക്കര സംവരണ മണ്ഡലത്തിലെ യുഡിഫിന്റെ വനിതാ സ്ഥാനാര്‍ഥിയെ മോശമായ പദപ്രയോഗത്തിലൂടെ അധിക്ഷേപിച്ച നടപടി സാമൂഹിക നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്.
മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുമ്പ് ആത്മപരിശോധന നടത്തിയില്ലെങ്കില്‍ സ്വയം അപഹാസ്യനായിതീരും.വഷളന്മാര്‍ വഷളത്തരമേ നടത്തുള്ളൂ എന്നുള്ള പ്രസ്താവനയ്ക് മികച്ച ഉദാഹരണമാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റുകളെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. ഇത്തരം സ്ത്രീ വിരുദ്ധ -ലീഗ് വിരുദ്ധ പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയ മലീമസമാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് മുഹമ്മദ് മഖ്ധൂം പിന്മാറേണ്ടതാണെന്നും കുളം കലക്കി മീന്‍ പിടിക്കാനുള്ള പരിശ്രമം പാഴ് വേലയായി തീരുമെന്നത് ഓര്‍ത്താല്‍ നല്ലതാണെന്നും കമ്മറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Continue Reading