KERALA
ആത്മകഥ ചോര്‍ന്നത് ആസൂത്രിതംഉത്തരവാദിത്തം ഡി.സി ബുക്‌സിന്

കണ്ണൂര്‍: തൻ്റെ ആത്മകഥ ചോര്‍ന്നത് ആസൂത്രിതമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. എഴുതിപൂര്‍ത്തിയാവാത്ത പുസ്തകത്തില്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. താന്‍ ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ലെന്നും വളരെയടുത്ത ബന്ധമുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ കാര്യങ്ങള്‍ ഏല്‍പിച്ച് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.തനിക്കെതിരെ നടക്കുന്ന നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു.
എഡിറ്റ് ചെയ്യാന്‍ ഏല്‍പിച്ച മാധ്യമപ്രവര്‍ത്തകന്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്‌സിനാണെന്നും ജയരാജൻ പറഞ്ഞു.
‘പുസ്തകത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കും നല്‍കിയിട്ടില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ല. സാധാരണ പ്രസാധകര്‍ പാലിക്കേണ്ടതായ ഒരുപാട് നടപടിക്രമങ്ങള്‍ ഉണ്ട്. ഇതില്‍ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഞാനെഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവാര്‍ത്ത ഡി.സി ബുക്‌സിന്റെ ഫേസ്ബുക്ക് പേജില്‍ ഞാന്‍ അറിയാതെ വന്നത് എങ്ങനെയാണ് ആത്മകഥയുടെ പി.ഡി.എഫ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുക എന്നത് സാധാരണഗതിയില്‍ ഒരു പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. പുസ്തകത്തിന്റെ പി.ഡി.എഫ് പ്രചരിച്ചാല്‍ അത് വില്‍പനയെ ബാധിക്കില്ലേ. പ്രസാധക സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള എന്തെങ്കിലും നടപടി സ്വീകരിക്കുമോ അതിനാൽ ഇത് തികച്ചും ആസൂത്രിതമാകണെന്നും ജയരാജൻ പറഞ്ഞു.
‘മൂന്നു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് ഈ നീക്കം നടക്കുന്നത്. ആദ്യം വാര്‍ത്ത വരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ സാധാരണഗതിയില്‍ ഇത്തരം വാര്‍ത്ത എളുപ്പം വരുമോ? പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ട്. ഒരു വസ്തുതയുമില്ലാത്ത വാര്‍ത്ത പിന്നാലെ എല്ലാ മാധ്യമങ്ങളും പ്രചരിപ്പിച്ചു.’തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരത്തില്‍ വിവാദമുണ്ടായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചാ വിവാദത്തിലും ഇ.പി. പ്രതികരിച്ചു. ‘2023-ന്റെ തുടക്കത്തിലാണ് പ്രകാശ് ജാവദേക്കര്‍ പോകുന്ന വഴിയേ എന്നെ പരിചയപ്പെടാന്‍ ഞാനുള്ള സ്ഥലത്ത് വന്നത്. ബി.ജെ.പിയുടെ ഒരു പ്രധാനപ്പെട്ട ചുമതലക്കാരനായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി, ചെന്നിത്തല, വി.ഡി സതീശന്‍ തുടങ്ങിയ എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും കണ്ടിട്ടുണ്ടെന്നും പരിചയപ്പെടാന്‍ വന്നതാണെന്നുംപറഞ്ഞപ്പോള്‍ നല്ലത്, സന്തോഷം എന്നു പറഞ്ഞുകൊണ്ട് അഞ്ചുമിനിറ്റിനുള്ളില്‍ പിരിഞ്ഞു. വാര്‍ത്ത വന്നത് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എന്നാണ്.’ ബോധപൂര്‍വം വാര്‍ത്ത സൃഷ്ടിച്ചുകൊണ്ട് പാര്‍ട്ടിക്ക് അകത്തും പുറത്തും അവഹേളിക്കുക എന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു .