Crime
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമനിൽ ഒരുക്കം തുടങ്ങിയതായി സന്ദേശമെത്തി

ന്യൂഡല്‍ഹി: പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമനിൽ ഒരുക്കം തുടങ്ങിയെന്ന് സംശയിക്കുന്ന ശബ്ദസന്ദേശം ലഭിച്ചു.. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ജയന്‍ എടപ്പാളിനാണ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം ലഭിച്ചത്.
തന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിലിലെത്തിയിട്ടുണ്ടെന്ന് ഒരു അഭിഭാഷക അറിയിച്ചതായി നിമിഷപ്രിയ പറഞ്ഞെന്നാണ് ജയന്‍ എടപ്പാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്.