Crime
സി.പി.എമ്മിന് തിരിച്ചടി :ആദായനികുതി വകുപ്പ് കണ്ടുകെട്ടിയ ഒരു കോടി രൂപ തിരിച്ച് നൽകണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഒരുകോടി രൂപ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരേ സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പകാലത്ത് പണമായി പാര്‍ട്ടി പിന്‍വലിച്ച തുകയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. പിന്‍വലിച്ച തുക, പിന്നീട് മരവിപ്പിച്ച അക്കൗണ്ടിലേക്ക് ഇടാനെത്തിയതും പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരുകോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനമാണെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിലപാട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കവേയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരുകോടി രൂപ ആദായനികുതി വകുപ്പ് പിടികൂടിയത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍നിന്ന് എടുത്ത തുക ആയിരുന്നു ഇത്. ഒരു കോടി രൂപ ബാങ്കില്‍നിന്ന് പിന്‍വലിക്കപ്പെട്ട വിവരം അറിഞ്ഞ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു.
കുറച്ചുദിവസങ്ങള്‍ക്ക് ശേഷം, പിന്‍വലിക്കപ്പെട്ട തുകയിലുണ്ടായിരുന്ന നോട്ടുകള്‍ ഉള്‍പ്പെടെയുള്ള പണം തിരിച്ചിടാനായി പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും ബാങ്കിലെത്തി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഈ വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടു. പിന്നീട് ഈ നടപടിക്കെതിരേ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് സിപിഎമ്മിന് ഇപ്പോള്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.
ഏകപക്ഷീയമായ നടപടി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍, പൊതുതിരഞ്ഞെടുപ്പ് സമയത്താണ് പണം കൈമാറ്റം നടന്നതെന്നും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ശരിയായിരുന്നില്ലെന്നും മരവിപ്പിക്കപ്പെട്ട അക്കൗണ്ടിലേക്ക് ആയിരുന്നു അന്ന് പണം വീണ്ടും നിക്ഷേപിക്കാന്‍ ശ്രമം നടന്നതെന്നുമായിരുന്നു ആദായനികുതി വകുപ്പ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍, പണം പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ലെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ട് കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിരുന്നില്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.