KERALA
രഞ്ജി ട്രോഫി ഫൈനലിൽ ടോസ് തുണച്ചു :രണ്ടാം പന്തിൽത്തന്നെ വിദർഭയുടെ ആദ്യ വിക്കറ്റെടുത്ത് ഞെട്ടുന്ന തുടക്കം

രഞ്ജി ട്രോഫി ഫൈനലിൽ ടോസ് തുണച്ചു :രണ്ടാം പന്തിൽത്തന്നെ വിദർഭയുടെ ആദ്യ വിക്കറ്റെടുത്ത് ഞെട്ടുന്ന തുടക്കം
നാഗ്പുർ∙ രഞ്ജി ട്രോഫി ഫൈനലിൽ ടോസ് ഭാഗ്യം അനുഗ്രഹിച്ചതിനു തൊട്ട് പിന്നാലെ, രണ്ടാം പന്തിൽത്തന്നെ വിദർഭയുടെ ആദ്യ വിക്കറ്റെടുത്ത് ഞെട്ടുന്ന തുടക്കം കുറിച്ച് കേരളം. ഇന്നിങ്സിലെ രണ്ടാമത്തെ തന്നെ പന്തിൽ വിദർഭ ഓപ്പണർ പാർഥ് രേഖാഡെയാണ് പുറത്തായത്. എം.ഡി. നിധീഷിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രേഖാഡെയുടെ മടക്കം. എൽബിക്കായുള്ള അപ്പീൽ അംപയർ നിരസിച്ചെങ്കിലും, ഡിആർഎസിലൂടെയാണ് അർഹിച്ച വിക്കറ്റ് കേരളം ‘പിടിച്ചുവാങ്ങിയത്. ആദ്യ ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടപ്പെട്ട വിദർഭയ്ക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല. ധ്രുവ് ഷോറെ (0), ദർശൻ നൽകാണ്ഡെ (0) എന്നിവർ ക്രീസിൽ.
ടോസ് നേടിയ കേരള നായകൻ സച്ചിൻ ബേബി വിദർഭയെ ബാറ്റിങ്ങിന് അയയ്ക്കുകയും ചെയ്തു. സെമിഫൈനലിൽ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയ കേരള ടീമിൽ ഒരു മാറ്റമുണ്ട്. വരുൺ നായനാർക്കു പകരം യുവ പേസർ ഏദൻ ആപ്പിൾ ടോം ടീമിൽ ഇടംപിടിച്ചു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റാണെങ്കിലും ഈർപ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളിൽ പേസർമാർക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബോളറെ കൂടി കേരളം ടീമിലുൾപ്പെടുത്തിയത്. മൂന്നാം ദിനം മുതൽ പിച്ച് സ്പിന്നർമാരെയും തുണയ്ക്കും.
‘കേരളം: അക്ഷയ് ചന്ദ്രൻ, രോഹൻ എസ്. കുന്നുമ്മൽ, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, ആദിത്യ സർവതെ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ ടോം, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ
വിദർഭ: ധ്രുവ് ഷോറെ, പാർഥ് രേഖഡെ, ഡാനിഷ് മാലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), അക്ഷയ് കർനേവാർ, ഹർഷ് ദുബെ, നചികേത് ഭൂട്ടെ, ദർശൻ നൽകാണ്ഡെ, യാഷ് താക്കൂർ