Business
കനത്ത നഷ്ടത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് ഓഹരി വിപണിസെന്‍സെക്‌സ് ആയിരത്തിലേറെ പോയന്റ് ഉയര്‍ന്നു.

മുംബൈ:കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് വിപണി. ചൊവാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് ആയിരത്തിലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 350 പോയന്റും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 2.5 ശതമാനത്തോളം ഉയരുകയും ചെയ്തു. നിഫ്റ്റി റിയാല്‍റ്റി, മെറ്റല്‍, ഐടി ഉള്‍പ്പടെ എല്ലാ സെക്ടറല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണികളിലെ, പ്രത്യേകിച്ച് യുഎസ് സൂചികകളിലെ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലും പ്രതിഫലിച്ചത്. തകര്‍ച്ചയില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള നിക്ഷേപകരുടെ നീക്കമാണ് ചൊവാഴ്ച പ്രകടമായത്. രാജ്യത്തെ സാമ്പത്തിക സൂചകങ്ങള്‍ സ്ഥിരതയാര്‍ജിക്കുന്നതും 2026 സാമ്പത്തിക വര്‍ഷം ആറ് ശതമാനം വളര്‍ച്ച നേടാന്‍ കഴിയുമെന്ന വിലയിരുത്തലും വിപണിക്ക് തുണയായി. ന്യായമായ വിലയില്‍ വന്‍കിട ഓഹരികള്‍ ലഭ്യമായതോടെ അവ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ തിരിക്കുകൂട്ടുകയും ചെയ്തു.
ADVERTISEMENT
താരിഫ് നടപ്പാക്കല്‍ 90 ദിവസം നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യുഎസ് വിപണിയില്‍ മുന്നേറ്റം പ്രകടമായിരുന്നു. വസ്തുതാപരമല്ലാത്ത റിപ്പോര്‍ട്ടുകളാണ് അതെന്ന് വ്യക്തമായതോടെ നഷ്ടത്തിലാകുകയും ചെയ്തു. ടെക് കമ്പനികളുടെ സൂചികയായ നാസ്ദാക്ക് നേരിയ നേട്ടമുണ്ടാക്കുകയും മറ്റുള്ളവ നഷ്ടത്തില്‍ ക്ലോസ് ചെയ്യുകയും ചെയ്തു.
ചൊവാഴ്ച ഏഷ്യന്‍ സൂചികകളും കരുത്തുകാട്ടി. ജപ്പാന്റെ നിക്കി ആറ് ശതമാനം ഉയര്‍ന്നത് മറ്റ് വിപണികള്‍ക്കും ശക്തിപകര്‍ന്നു. ഹോങ്കോങിന്റെ ഹാങ്‌സെങും ദക്ഷിണ കൊറിയയുടെ കോസ്പിയും ഉള്‍പ്പടെയുള്ളവ നേട്ടത്തിലാണ്.