Business
ഗോകുലം ഗോപാലനെ വിടാതെ പിൻ തുടർന്ന് ഇ ഡി :ഈ മാസം 22 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ്

കൊച്ചി : ഗോകുലം ഗോപാലനു വീണ്ടും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നൽകിയത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയത്. നേരത്തെ രണ്ടു തവണ ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഗോപാലൻ ഹാജരാക്കിയ രേഖകളിൽ ഇ.ഡി പരിശോധന തുടരുകയാണെന്നാണ് വിവരം.
കൊച്ചിയിൽ സോണൽ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ഇ.ഡി ഓഫിസിലേക്ക് കയറുന്നതിനു മുൻപ് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളിൽ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ആന്റ് ഫിനാൻസിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോർപറേറ്റ് ഓഫിസിലും ഗോകുലം മാളിലുമാണ് വെള്ളിയാഴ്ച ഇ.ഡി പരിശോധന നടത്തിയത്. ചെന്നൈയിലെ പരിശോധന ശനിയാഴ്ചയും തുടർന്നിരുന്നു.