Connect with us

KERALA

കേരളം എല്ലാത്തിലും ഒന്നാമതാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു: ഈ സ്വയംപുകഴ്ത്തൽ നിർത്തണമെന്നു ജി. സുധാകരന്‍.

Published

on

ആലപ്പുഴ: കേരളം എല്ലാത്തിലും ഒന്നാമതാണെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഈ സ്വയംപുകഴ്ത്തൽ നിർത്തണമെന്നും മുതിര്‍ന്ന സി.പി.എം. നേതാവ് ജി. സുധാകരന്‍. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ് ‘ഇവിടത്തെ സ്ഥിതിയെന്താ? ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും പ്രധാനമാണ്. സംഘര്‍ഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ല, സുധാകരൻ പറഞ്ഞു.

ഉത്തരക്കടലാസുകള്‍ വരെ കാണാതാകുകയാണ്. പരീക്ഷകളെപ്പറ്റി വ്യക്തതയില്ല. എപ്പോഴാണ് ചോദ്യപേപ്പര്‍ കാണാതെ പോകുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കളഞ്ഞ അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, ജയിലില്‍ അടച്ചിട്ടില്ല. അയാളുടെ മൂല്യനിര്‍ണയത്തിന്റെ അവകാശം എടുത്തുകളഞ്ഞു, പുള്ളിക്ക് സന്തോഷമായിട്ടുണ്ടാകും. കാരണം മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകര്‍ പലരും തയ്യാറല്ല. അവര്‍ക്ക് വേണ്ടെന്നാണ് പറയുന്നത്. അയാളെ അറസ്റ്റ് ചെയ്യണ്ടേ, ഏറ്റവും ഗുരുതരമായ കുറ്റമല്ലേയെന്നും സുധാകരന്‍ ചോദിച്ചു.

ഒരു മാധ്യമവും ഇക്കാര്യത്തിൽ മുഖപ്രസംഗം എഴുതിയില്ല, ഒരു വൈസ് ചാൻസിലറും ഒരു വിദ്യാർഥി സംഘടനയും മിണ്ടിയില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയില്ല. എല്ലായിടത്തും ലഹരി. ഇതിലും മുന്നിലല്ലേ? സ്വയം പുകഴ്ത്തൽ നിർത്തണം, സുധാകരൻ പറഞ്ഞു.

എംഎല്‍എയുടെ മകന്റെ പ്രശ്‌നത്തില്‍ താന്‍ സജി ചെറിയാനെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. എംഎല്‍എയുടെ മകനെ അറിയാം. അയാള്‍ ലഹരി ഒന്നും ഉപയോഗിക്കില്ല. എവിടെയോ ഇരുന്നപ്പോള്‍ പിടിച്ചുകൊണ്ടുപോയതാണ്. എംഎല്‍എയുടെ മകന്റെ പ്രശ്‌നത്തില്‍ ഞാന്‍ ആശ്വസിപ്പിക്കാന്‍ പോയ കൂട്ടത്തിലാണ്. കാരണം, എനിക്ക് അറിയാവുന്ന നല്ല കുട്ടിയാണ് അയാള്‍. അയാള്‍ അതൊന്നും ചെയ്തിട്ടില്ല. അയാളുടെ പോക്കറ്റിലൊന്നും ഒന്നും ഇല്ലായിരുന്നു. വെറുതെ എക്‌സൈസ് പിടിച്ച കൂട്ടത്തില്‍ അയാളെയും പിടിച്ചു. അയാള്‍ കുറ്റംചെയ്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

Continue Reading