Connect with us

Business

ബോബി ചെമ്മണ്ണൂരിന്  ജയിലിൽ വഴിവിട്ട സഹായം നൽകിയ ഡിഐജി പി അജയകുമാറിന് പരസ്യ ശാസന

Published

on

തിരുവനന്തപുരം: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ സഹായം നൽകിയ ജയിൽ ഡിഐജി പി അജയകുമാർ വഴിവിട്ട നീക്കം നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിയെ കാണാൻ ജയിലിലേക്ക് ഓടിയെത്തി. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലിൽ കണ്ടു. ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ ‘പവർ ബ്രോക്കറെ’ ന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്‌ലറ്റ് ഉൾപ്പെടെ ബോബിക്ക് ഉപയോഗിക്കാനുള്ള സൗകര്യം ഡിഐജി ഒരുക്കി കൊടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് നൽകിയത്. ജയിൽ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടും ഇന്ന് സർക്കാരിന് നൽകും.അതേസമയം, സംഭവത്തിൽ ജയിൽ വകുപ്പിലെ മദ്ധ്യമേഖല ഡിഐജി പി അജയകുമാറിനെ ജയിൽ മേധാവിയായ എഡിജിപി ശാസിച്ചു. ഉദ്യോഗസ്ഥതല യോഗത്തിലായിരുന്നു ശാസന. എന്നാൽ, ജയിൽ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സിലെ മദ്യപാന പരാതി അന്വേഷിക്കാൻ പോയതാണെന്നായിരുന്നു അജയകുമാര്‍ വിശദീകരിച്ചത്. സ്വകാര്യ വാഹനത്തിൽ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്നായിരുന്നു എഡിജിപി മറുചോദ്യം.ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്‌തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ടോയ്‌ലറ്റ് ഉപയോഗിക്കാൻ കയറിയതാണെന്നായിരുന്നു ഡിഐജി ഇതിന് നൽകിയ മറുപടി. തുടര്‍ന്ന് അസംബന്ധം വിളമ്പരുതെന്നും എല്ലാ തെളിവുകളും ഉണ്ടെന്നും ജയിൽ മേധാവിയായ എഡിജിപി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഡിഐജിയെ പരസ്യമായി ശാസിക്കുകയായിരുന്നു.

Continue Reading