Crime
മൂന്നുപേരെ അടിച്ചുകൊന്ന കേസിലെ പ്രതി സ്ഥിരം കുറ്റവാളി.അയൽവാസികൾ നൽകിയ പരാതികൾ പോലീസ് അവഗണിച്ചു

കൊച്ചി : ചേന്ദമംഗലത്ത് മൂന്നുപേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയന്‍ സ്ഥിരം കുറ്റവാളി. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നയാളാണ് ഋതുവെന്നും അയല്‍വാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
ഋതുവിനെതിരേ പോലീസില്‍ പല തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. ഋതുവിന്റെ പേരില്‍ എറണാകുളത്തും തൃശ്ശൂരിലും കേസുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതില്‍ രണ്ടുതവണ റിമാന്‍ഡിലായിട്ടുമുണ്ട്.
റൗഡി ലിസ്റ്റിലുണ്ടായിരുന്നയാളാണ് പ്രതിയെങ്കിലും പരാതി പലരും എഴുതി നല്‍കിയിരുന്നില്ലെന്നും പോലീസ് പറയുന്നുണ്ട്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതായി പറയുന്ന ഋതു രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വ്യക്തിവൈരാഗ്യം മൂലമാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിനു ശേഷം ജിതിന്റെ ബൈക്ക് എടുത്താണ് ഋതു പോലീസ് സ്റ്റേഷനിലേക്ക് പോയത്.
കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിനെതിരേ സമീപവാസികളായ വീട്ടുകാര്‍ അടുത്തയിടെ നല്‍കിയത് അഞ്ച് പരാതികള്‍. സമീപവാസികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല ഇതാണ് കൂട്ട കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ ഉയർന്ന ആരോപണം.