Connect with us

Crime

ഷാരോൺ വധക്കേസിൽ വിധി ഇന്ന്.കാമുകി ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി

Published

on

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺ വധക്കേസിൽ വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി. ഷാരോണിന്റെ കാമുകി ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും,​ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായർ മൂന്നാം പ്രതിയുമാണ്.

പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. ‘വിധി അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. ഷാരോൺ അന്ന് വീട്ടിൽ വന്നപ്പോൾ ഞാൻ ഉണ്ടായിരുന്നു. കുറേ പ്രാവശ്യം ഛർദിച്ചു. പിന്നെ മുറിയിൽ പോയി കിടന്നു. കുറച്ചുകഴിഞ്ഞപ്പോൾ ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞു. ഗ്രീഷ്മ കഷായം തന്നിരുന്നെന്നും അതിലെന്തോ മിക്സ് ചെയ്‌തെന്നും മരിച്ചുപോകുമെന്നും മോൻ പറഞ്ഞിരുന്നു. മോൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ സുഖമായി ജീവിച്ചേനെ. ഇരുപത്തിമൂന്ന് വയസുവരെ നല്ല വിദ്യാഭ്യാസം കൊടുത്ത് വളർത്തിയ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആലോചിച്ചുനോക്കൂ.’- വിങ്ങിപ്പൊട്ടിക്കൊണ്ട് അച്ഛൻ പറഞ്ഞു.ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന് ഷാരോണിന്റെ അമ്മയും പറഞ്ഞു. ‘കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ മോനെ കാണാതെ ഓരോ ദിവസവും സങ്കടപ്പെട്ടും കരഞ്ഞുമാണ് കടന്നുപോകുന്നത്. മരിച്ച് ജീവിക്കുകയാണ്. അവൾക്ക്‌ പരമാവധി ശിക്ഷ കിട്ടും. എന്റെ മോനില്ലാതെ ജീവിക്കാൻ പറ്റണില്ല.’- ഷാരോണിന്റെ അമ്മ പറഞ്ഞു.

ഷാരോണിന്റെ മുറി അന്നുണ്ടായിരുന്ന അതേപോലെ സൂക്ഷിച്ചിരിക്കുകയാണ് അമ്മ ഇപ്പോഴും.ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ നേരത്തെ വാദിച്ചിരുന്നു. സിന്ധു,​ നിർമ്മലകുമാരൻ നായർ എന്നിവർക്കെതിരെ തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ വാദിച്ചു.ആത്മഹത്യാ പ്രവണതയുള്ള ഒന്നാം പ്രതി ആത്മഹത്യ ചെയ്യാനാണ് വിഷം നിർമ്മിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. ഗ്രീഷ്‌മ മുഖം കഴുകാനായി ബാത്ത്‌റൂമിൽ കയറിയ സമയത്ത് ഷാരോൺ കഷായം കുടിച്ച ശേഷം വീട്ടിൽ നിന്നും പോയെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

2022 ഒക്ടോബർ 14 ന് കാമുകനായ ഷാരോൺ രാജിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ഗ്രീഷ്മ കഷായത്തിൽ വിഷം നൽകിയെന്നാണ് കേസ്. മെഡിക്കൽ കോളേജ് ഐ സി യു വിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ രാജ് മരിച്ചത്. തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി.ശില്പ രൂപീകരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്.

Continue Reading