Crime
അസ്വഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; കൂടുതൽ വ‍്യക്തത ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ കൃത‍്യമായി പറയാനാകില്ലെന്ന് ഫോറൻസിക് സംഘം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. വിശദമായ പരിശോധനകൾക്ക് ശേഷമെ സ്വാഭാവികമാണോ അസ്വാഭാവികമാണോയെന്ന് ഉറപ്പിക്കാൻ സാധിക്കുള്ളൂവെന്ന് ഫോറൻസിക്ക് സംഘം വ‍്യക്തമാക്കി. ഗോപൻ സ്വാമിയുടെ മൃതദേഹം വെള്ളിയാഴ്ച വീട്ടുവളപ്പിൽ 3.30യ്ക്ക് സംസ്കരിക്കും.
വിശദ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങളുടെ സാംപിളുകൾ രാസപരിശോധനയ്ക്ക് അയച്ചു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഗോപൻ സ്വാമിയുടെ കല്ലറ തുറന്നത്. നെഞ്ചിന്‍റെ ഭാഗം വരെ പൂജാദ്രവ‍്യങ്ങൾ നിറച്ച നിലയിലായിരുന്നു മൃതദേഹം. കല്ലറയിൽ കണ്ടത് ഗോപൻ സ്വാമിയുടെ മൃതദേഹമാണെന്ന് സാക്ഷികളായ ജനപ്രതിനിധികൾ വ‍്യക്തമാക്കി. മക്കൾ മൊഴി നൽകിയത് പോലെ ചമ്രം പടിഞ്ഞിരിക്കുന്നത് പോലെയായിരുന്നു മൃതദേഹം. പ്രതിഷേധങ്ങളൊന്നുമില്ലാതെ കനത്ത സുരക്ഷയിലായിരുന്നു കല്ലറ തുറന്നത്.
മരണ കാരണം ഉറപ്പിക്കാൻ ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നെയ്യാറ്റിൻകര ഡി വൈ എസ് പി പറഞ്ഞു.